Kerala

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍: ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം : ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ടോക് സീരിസുകളുടെയും കോണ്‍ഫറന്‍സുകളുടെയും രജിസ്‌ട്രേഷന്‍ ആരംഭിച്ചു. നൊബേല്‍ ജേതാവ് മോര്‍ട്ടന്‍ പി മെല്‍ഡല്‍, മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ റോബര്‍ട്ട് പോട്ട്‌സ്, കനിമൊഴി കരുണാനിധി എംപി, ലഫ്‌ബെറാ യുണിവേഴ്‌സിറ്റിയിലെ പ്രൊഫ മൈക്കല്‍ വില്‍സണ്‍, മാഗ്‌സസേ അവാര്‍ഡ് ജേതാവ് ഡോ രാജേന്ദ്ര സിങ്, ഇന്‍ഡ്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ മാലിനി വി ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പബ്ലിക് ടോക്കുകളാണ് പ്രഭാഷണ പരിപാടികളിലെ പ്രധാന ആകര്‍ഷണം. നാസയില്‍ നിന്നുള്ള ഡോ മധുലിക ഗുഹാത്തകുര്‍ത്ത പങ്കെടുക്കുന്ന ഡോ കൃഷ്‌ണവാര്യര്‍ മെമ്മോറിയല്‍ ലക്‌ചറും ശ്രദ്ധേയമായ പരിപാടിയാണ്.

നാസയില്‍ നിന്നുതന്നെയുള്ള ഡെനീസ് ഹില്‍ പങ്കെടുക്കുന്ന ഏകദിന വര്‍ക്‌ഷോപും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. അറ്റ്‌ലാന്റിക് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ സുരേഷ്.സി.പിള്ള, റൂഥര്‍ഫോര്‍ഡ് ആപ്പിള്‍ട്ടണ്‍ ലബോറട്ടറിയിലെ ഡോ രാജീവ് പാട്ടത്തില്‍ എന്നിങ്ങനെ മലയാളികളായ പ്രവാസി ഗവേഷകര്‍ പങ്കെടുക്കുന്ന കേരള ഡയസ്‌പോറ ടോക് സീരീസും പ്രഭാഷണ പരിപാടികളിലെ മറ്റൊരു പ്രധാന ഭാഗമാണ്. കേരളീയരായ ഭട്‌നഗര്‍ അവാര്‍ഡ് ജേതാക്കള്‍ പങ്കെടുക്കുന്ന ടോക് സീരീസ്, രാജ്യത്തെ മുഴുവന്‍ ഐഐടികളുടെയും ഡയറക്ടര്‍മാര്‍ പങ്കെടുക്കുന്ന ഐഐടി കോണ്‍ക്ലേവ്, ജിയോസയന്‍സ് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ടോക് സീരീസ് എന്നിങ്ങനെ വിവിധ ടോക് സീരീസുകളും കോണ്‍ക്ലേവുകളും ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്, കേരള മീഡിയ അക്കാദമി, ബ്രേക് ത്രൂ സയന്‍സ് സൊസൈറ്റി തുടങ്ങി വിവിധ ഏജന്‍സികള്‍ പ്രഭാഷണങ്ങളുടെയും വര്‍ക്‌ഷോപുകളുടെയും സംഘാടനത്തില്‍ സഹകരിക്കുന്നുണ്ട്.  www.gsfk.org എന്ന വെബ്‌സൈറ്റില്‍ പ്രോഗ്രാം ഷെഡ്യൂള്‍ എന്ന മെനുവില്‍ കയറി സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. പ്രഭാഷണ പരിപാടികളുടേയും കോണ്‍ഫറന്‍സുകളുടെയും വര്‍ക്‌ഷോപുകളുടെയും തിയതിയും സമയവുമടങ്ങിയ വിശദമായ പ്രോഗ്രാം ഷെഡ്യൂളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *