ദോഹ:ഖത്തർ ലോകപ്പിന് പന്തുരുളാൻ 19 ദിവസംമാത്രം ബാക്കിയിരിക്കെ രാജ്യം അവസാനവട്ട ഒരുക്കത്തിൽ. എല്ലാമേഖലയിലും വേറിട്ട, ഏറ്റവുംമികച്ച ലോകകപ്പ് എന്ന അനുഭവം ഉറപ്പുവരുത്താനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പിനായി വൻ പശ്ചാത്തല–-സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയത്. ഇന്നുമുതൽ ഡിസംബർ 23 വരെ ഓൺ അറൈവൽ ഉൾപ്പെടെ സന്ദർശക വിസയിലും ബിസിനസ് വിസയിലും ഖത്തറിൽ പ്രവേശിക്കാനാകില്ല. പകരം ഡിസംബർ 23 വരെ പ്രവേശനം ഹയ്യാ കാർഡിൽമാത്രം. പ്രവേശനത്തിന് കോവിഡ് വാക്‌സിനോ കോവിഡ് നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റോ ആവശ്യമില്ല.
നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്. ഫുട്‌ബോൾ ആരാധകർക്ക് ഖത്തറിലേക്കുള്ള പ്രവേശന പെർമിറ്റാണ് ഹയ്യാ കാർഡ്. സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ ടിക്കറ്റിനൊപ്പം ഹയ്യാ കാർഡും വേണം. ബസ്, മെട്രോ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങളും കാർഡ് ഉടമകൾക്ക് സൗജന്യമായി ലഭിക്കും. ഹയ്യാ കാർഡ് ഉടമകൾക്ക് ജനുവരി 23 വരെ ഖത്തറിൽ താമസിക്കാം. വിദേശത്തുനിന്നെത്തുന്ന ഹയ്യാ കാർഡ് ഉടമകൾക്ക് ടിക്കറ്റില്ലാത്ത മൂന്നുപേരെ അതിഥികളായി കൊണ്ടുവരാം.
ഹയ്യാ കാർഡ് കൈവശമുള്ളവർക്ക് നവംബർ 11 മുതൽ ഡിസംബർ 18 വരെ സൗജന്യ വിസയിൽ സൗദിയിൽ പ്രവേശിക്കാം. ഇവർക്ക് സൗദിയിൽ രണ്ടുമാസംവരെ തങ്ങാം, ഉംറ നിർവഹിക്കാം. ഹയ്യാ കാർഡുകാർക്ക് യുഎഇ 90 ദിവസം കാലാവധിയുള്ള മൾട്ടിപ്പിൾ ടൂറിസ്റ്റ് വിസ അനുവദിച്ചു. യുഎഇ, ഒമാൻ എന്നിവിടങ്ങളിലേക്ക് ഇന്നുമുതൽ പ്രവേശിക്കാം.
സുരക്ഷ ഉറപ്പാക്കാൻ 13 സഹോദര–-സൗഹൃദ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അഞ്ചുദിവസംനീണ്ട സുരക്ഷാ അഭ്യാസം സംഘടിപ്പിച്ചു.
വിവിധ രാജ്യക്കാരായ ആരാധകർക്കായി ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ഇന്റർനാഷണൽ കോൺസുലർ സർവീസസ് സെന്റർ തുറന്നു. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സൗകര്യം.
രാജ്യത്തെ പ്രധാന വ്യാപാര–-വിനോദസഞ്ചാര കേന്ദ്രമായ സൂഖ് വാഖിഫ് 24 മണിക്കൂറും പ്രവർത്തിക്കും. ലോകകപ്പിലെ പ്രധാന കാർണിവൽ വേദിയായ ദോഹ കോർണിഷ് സ്ട്രീറ്റ് അനുബന്ധ റോഡുകളും ഇന്നുമുതൽ ഡിസംബർ 19 വരെ കാൽനടയാത്രക്കാർക്കുമാത്രം. സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകൾ ഉണ്ടാകും.
സർക്കാർമേഖലകളിൽ ഡിസംബർ 19 വരെ 80 ശതമാനം പേർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാം. പൊതു–-സ്വകാര്യ മേഖലകളിലെ സ്‌കൂളുകൾക്കും കിൻഡർഗാർട്ടനുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവർത്തനസമയം നവംബർ 17 വരെ രാവിലെ ഏഴുമുതൽ പകൽ 12 വരെയാക്കി.
ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ നാലിന് ബോളിവുഡ് മ്യൂസിക് ഫെസ്റ്റിവൽ അരങ്ങേറും. വിഖ്യാത ഹിന്ദുസ്ഥാനി ഗായകനായ റാഹത്ത് ഫത്തേഹ് അലിഖാൻ, പ്രശസ്ത പിന്നണിഗായിക സുനിധി ചൗഹാൻ, പ്രശസ്ത സംഗീതസംവിധായക സഹോദരങ്ങളായ സലിം––സുലൈമാൻ എന്നിവർ സംഗീതവിസ്മയം തീർക്കും.