Kerala

കോട്ടയം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കോട്ടയം: ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ കടിച്ച നായയ്‌ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കല്‍ കോളേജിലെ അധികൃതരും അന്തേവാസികളും പരിസരവാസികളുമടക്കം ആശങ്കയിലാണ്. കോളേജ് ക്യാമ്പസിലെ ഹോസ്റ്റലില്‍ താമസിക്കുന്ന 5 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്കും ഒരു ബിഫാം വിദ്യാര്‍ത്ഥിക്കുമാണ് കാമ്പസില്‍ വച്ച് ചൊവ്വാഴ്ച തെരുവുനായുടെ കടിയേറ്റത് . ഇതേ തുടര്‍ന്ന് ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ ജഡം തിരുവല്ലയിലെ എവിയല്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബില്‍ എത്തിച്ച് പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ കോളേജ് പരിസരം കാലങ്ങളായി തെരുവു നായ്‌ക്കളുടെ പിടിയിലാണ്. മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നുണ്ടെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും രോഗികളും അവരുടെ കൂട്ടിരിപ്പുകാരും അടക്കം ആയിരക്കണക്കിന് ആളുകള്‍ ദിവസവും വന്നു പോകുന്ന ഈ മേഖല പേവിഷബാധയേറ്റ് നായ ചത്തതോടെ വലിയ ആശങ്കയിലാണ്.

മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഒട്ടേറെ സംഘടനകള്‍ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. എന്നാല്‍ ഇതിന്റെ അവശിഷ്ടങ്ങള്‍ ശരിയായ രീതിയില്‍ സംസ്‌കരിക്കാന്‍ നടപടിയുണ്ടാകാറില്ല. ഇത്തരത്തില്‍ ഭക്ഷണാവശിഷ്ടം ലഭിക്കുന്നതിനാല്‍ നായകള്‍ ഇവിടെ തമ്പടിക്കുകയാണ്. മെഡിക്കല്‍ കോളേജിന്റെ പരിസരങ്ങളില്‍ മാലിന്യ നീക്കവും ഫലപ്രദമല്ല. വിഷയം പഞ്ചായത്തിന്റെയും മറ്റ് അധികൃതരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *