കൊച്ചി; കൊട്ടാരക്കരയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം വെടി വയ്പിൽ കലാശിച്ചു. എയർ ഗണിൽ നിന്നുള്ള വെടിയേറ്റ് ഗുരുതരമായ പരുക്കുകളോടെ അഡ്വ. മുകേഷിനെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടി വച്ചു എന്നു കരുതുന്ന സുഹൃത്ത് പ്രൈം അലക്സിനെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം രണ്ടിടത്താണ് തോക്കുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളുണ്ടായത്. കൊച്ചി മരടിൽ ബാർ ഹോട്ടലിലും കൊല്ലം കൊട്ടാരക്കരയിലുമാണ് തോക്ക് പ്രയോഗം. രണ്ടിടത്തും അഭിഭാഷകർ ഉള്പ്പെട്ടു എന്നതും ആശങ്ക ഉണർത്തുന്നു. കേരളത്തിൽ അനുദിനം പെരുകി വരുന്ന കുറ്റകൃത്യങ്ങളിൽ വശംകെട്ട് ജനം. മദ്യം, മയക്കുമരുന്ന്, സെക്സ് റാക്കറ്റ് എന്നിവയ്ക്കു പിന്നാലെ സംസ്ഥാനത്ത് തുടരെ നടക്കുന്ന വെടിവയ്പും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത ക്രമസമാധാന തകർച്ചിയിലാണു സംസ്ഥാനം.
എറണാകുളം മരടിലെ ബാർ ഹോട്ടലിലെ വെടിവയ്പിൽ ഉപയോഗിച്ചത് മാരക ശേഷിയുള്ള ലൈസൻസ്ഡ് തോക്കാണെന്നു കണ്ടെത്തി. അഭിഭാഷകന്റെ ഉടമസ്ഥതയിലുള്ള ഈ തോക്കിന് 2025 വരെ കാലാവധിയുണ്ട്.
കുണ്ടന്നൂരിലെ ബാറിൽ വെടിവെയ്പ്പ് നടത്തിയ കേസിൽ എഴുപുന്ന സ്വദേശി റോജൻ, സുഹൃത്ത് ഹരോൾഡ് എന്നിവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. ബാറിൽ എത്തി മദ്യപിച്ച ശേഷം തോക്കുകൊണ്ട് ഭിത്തിയിലേക്ക് വെടിയുതിർക്കുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ പറഞ്ഞു. പ്രതികൾ പിന്നീട് ഓട്ടോറിക്ഷയിൽ കയറിപ്പോയി. സ്ഥിരമായി മദ്യപിക്കാനെത്തുന്നവരല്ലെന്നും പ്രകോപനമില്ലാതെയാണ് ഇവർ വെടിവച്ചതെന്നും ഹോട്ടൽ അധികൃതർ മരട് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വൈകിട്ട് 4ന് നടന്ന സംഭവം രാത്രി ഏഴിനാണ് ഒജീസ് കാന്താരി ബാർ അധികൃതർ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാർ താൽക്കാലികമായി അടച്ചിടാൻ പൊലീസ് നിർദേശിച്ചു.
ബാർ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും വെടിയുണ്ട കണ്ടെത്തിയില്ല. വെടിയുതിർത്തവരെക്കുറിച്ച് സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് സൂചന ലഭിച്ചത്. എക്സൈസ് സംഘം ബാറിൽ പരിശോധന നടത്തി. വ്യാഴാഴ്ച ഫോറൻസിക് സംഘം പരിശോധനലോക്കൽ ബാറിന്റെ ബിൽ കൗണ്ടറിലാണ് വെടിവെയ്പ്പ് നടന്നത്. മദ്യലഹരിയിൽ രണ്ടുപേർ ഭിത്തിയിലേക്ക് വെടിയുതിർത്തതായാണ് പൊലീസ് പറയുന്നത്. ഇവർ ചുമരിലേക്ക് രണ്ടു റൗണ്ടാണ് വെടിയുതിർത്തത്. ബാർ പൊലീസ് പൂട്ടി. വെടിവെയ്പ്പിൽ ആർക്കും പരിക്കില്ല. വെടിവെയ്പ്പിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പൊലീസ് ഇക്കാര്യവും അന്വേഷിച്ച് വരികയാണ്.
പ്രതികളെ ഇന്നു രാവിലെ ഹോട്ടലിലെത്തിക്കും. ലൈസൻസുള്ള തോക്കുമായി ഇവരെന്തിനു ഹോട്ടലിൽ എത്തിയെന്ന് അന്വേഷിക്കും. ക്വട്ടേഷൻ ഇടപാടുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.