KeralaNews

കേരളം വ്യവസായ സൗഹൃദം ; ഒറ്റപ്പെട്ട സംഭവത്തിന്റെപേരിൽ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമം 

പിണറായി
സംരംഭങ്ങൾ തുടങ്ങാൻ അനുയോജ്യമായ ഇടമല്ല കേരളം എന്ന പ്രചാരണം നാടിനെ അപകീർത്തിപ്പെടുത്താനെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി നാടിനെയാകെ ഇകഴ്‌ത്താനുള്ള ശ്രമമാണത്. പിണറായി കൺവൻഷൻ സെന്ററിൽ തൊഴിൽ സഭയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കഴിഞ്ഞ മൂന്നു വർഷമായി രാജ്യത്തെ ഒന്നാമത്തെ സ്റ്റാർട്ടപ് സൗഹൃദ സംസ്ഥാനമാണ്‌ കേരളം. വ്യവസായങ്ങളെ വലിയതോതിൽ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേരളത്തിന്റേത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽവന്നശേഷം വിവിധ വ്യവസായഗ്രൂപ്പുകളുമായി ഒന്നിലധികം തവണ ചർച്ചനടത്തി. തൊഴിൽസംഘർഷമോ സമരമോ വ്യവസായാന്തരീക്ഷം കലുഷമാക്കുന്നില്ലെന്ന അനുഭവമാണ് സംരംഭകർ പങ്കുവച്ചത്.ആറ് വർഷത്തിനിടെ ചെറുകിട, ഇടത്തരം വ്യവസായരംഗത്ത് 8,184 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 86,993 സംരംഭം തുടങ്ങി. 3,09,910 തൊഴിൽ യാഥാർഥ്യമാക്കി.

ഈ സാമ്പത്തികവർഷം ഇതുവരെ 3,382.61 കോടി രൂപയുടെ നിക്ഷേപമാണ് നടന്നത്. 56,137 സംരംഭം ആരംഭിച്ചു. 1,23,795 തൊഴിൽ നൽകാനായി. ഐടി മേഖലയിൽ ആറ് വർഷത്തിനുള്ളിൽ 40 ലക്ഷം ചതുരശ്രയടി സ്പെയ്സ് പുതുതായി ഉണ്ടായി. 45,869 തൊഴിൽ അവസരവും. ഉൽപ്പാദനോന്മുഖ വികസനത്തിന്റെ നേട്ടങ്ങൾ അടിസ്ഥാനതലംവരെ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വൈജ്ഞാനിക 
നൂതനത്വ സമൂഹമാക്കും
വൈജ്ഞാനിക നൂതനത്വ സമൂഹമായി കേരളത്തെ മാറ്റിയെടുക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജ്ഞാന വിതരണത്തിനൊപ്പം അതിന്റെ തുടർച്ചയും വേണം. അറിവുകൾ വ്യവസായ മുന്നേറ്റത്തിന് സഹായകമാകണം. ആ നിലയിലേക്ക് പാഠ്യപദ്ധതിയും പഠനസംവിധാനവുമെല്ലാം രൂപപ്പെടണമെന്നും അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം- (അസാപ്‌) പാലയാട് കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പറഞ്ഞു.

നൈപുണ്യം സിദ്ധിച്ച തൊഴിൽസേനയുണ്ടാകുകയെന്നത് വളരെ പ്രധാനമാണ്. തൊഴിലില്ലാത്ത അഭ്യസ്തവിദ്യർക്ക് ഡിജിറ്റൽ നൈപുണ്യ പരിശീലനം നൽകാൻ നടപടിയായിട്ടുണ്ട്. എൻജിനീയറിങ്‌ കോളേജുകളിലെയും പോളിടെക്‌നിക്കുകളിലെയും നൈപുണ്യ പരിശീലനം വിപുലീകരിച്ച് നൂതന വ്യവസായങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പോലുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *