KeralaNews

കേരളം പരിശോധനയ്‌ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളത്; കേന്ദ്ര ഡ്രഗ്‌‌സ് ലാബ് സര്‍ട്ടിഫൈ ചെയ്‌തു.

തിരുവനന്തപുരം> പരിശോധനയ്‌ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സിനും ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌‌സ് ലാബ് സര്‍ട്ടിഫൈ ചെയ്‌തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റി റാബിസ് വാക്‌‌സിന്‍ ഗുണനിലവാരമുള്ളതെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌‌സ് ലാബ് സര്‍ട്ടിഫൈ ചെയ്‌തിരുന്നു. വാക്‌‌സിനെടുത്ത ചിലരില്‍ പേവിഷബാധ മരണം ഉണ്ടായ സാഹചര്യത്തില്‍ പൊതുആശങ്ക പരിഹരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും വാക്‌‌സിന്‍ പരിശോധനയ്‌ക്കയച്ചത്. ഈ വാക്‌സിനാണ് കേന്ദ്ര ഡ്രഗ്‌‌സ് ലാബ് ഗുണനിലവാരമുള്ളതെന്ന് സര്‍ട്ടിഫൈ ചെയ്‌തത്.

കേന്ദ്ര ലാബിലേയ്‌ക്കയച്ച ഇമ്മുണോഗ്ലോബുലിനും ഗുണനിലവാരമുള്ളതാണെന്ന് അടുത്തിടെ സര്‍ട്ടിഫൈ ചെയ്തിരുന്നു. ഇതോടെ പേ വിഷബാധ പ്രതിരോധത്തിനുപയോഗിക്കുന്ന വാക്‌സിനും ഇമ്മുണോഗ്ലാബുലിനും സ്‌റ്റാന്‍ഡേര്‍ഡ് ക്വാളിറ്റിയാണെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. പേവിഷബാധയ്‌ക്കെതിരെയുള്ള ഏറ്റവും വലിയ പ്രതിരോധമാണ് ആന്റി റാബിസ് വാക്‌സിനും ഇമ്മുണോഗ്ലോബുലിനും. അതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പേവിഷബാധ പ്രതിരോധ വാക്‌സിനെപ്പറ്റി ആശങ്കയുണ്ടായ സാഹചര്യത്തില്‍ വാക്‌സിന്‍ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്‌ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കത്തെഴുതിയിരുന്നു. കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയില്‍ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായ വാക്‌സിനും സെറവുമാണ് നായ്‌ക്കളില്‍ നിന്നുള്ള കടിയേറ്റ് ആശുപത്രികളില്‍ എത്തിയവര്‍ക്കും മരണമടഞ്ഞ അഞ്ചു പേര്‍ക്കും നല്‍കിയത്.

വാക്‌‌സിന്‍ നല്‍കിയിട്ടും പേവിഷബാധ മരണം സംഭവിച്ചത് സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്ക പരിഹരിക്കാന്‍ കൂടിയാണ് രണ്ട് ബാച്ച് നമ്പരിലുള്ള ഇമ്മുണോഗ്ലോബുലിനും ഒരു ബാച്ച് നമ്പരിലുള്ള ആന്റി റാബിസ് വാക്‌സിനും പരിശോധനയ്‌ക്കായി കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറിയില്‍ നേരിട്ടയച്ചത്. പരിശോധനയില്‍ ഇവ രണ്ടും സ്‌റ്റാന്‍ഡേര്‍ഡ് ക്വാളിറ്റി ആണെന്ന് സര്‍ട്ടിഫൈ ചെയ്‌തിട്ടുണ്ട്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *