കൊച്ചി : കേരളം കാത്തിരുന്ന വിധിപ്രഖ്യാപനം – ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിനാണ് പ്രതിയെ പരമാവധി ശിക്ഷയായ വധശിക്ഷയ്ക്ക് വിധിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിനും മറ്റ് പോക്സോ വകുപ്പുകൾക്കുമായി 5 ജീവപര്യന്തവും പ്രതിക്ക് വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് 5 വർഷവും ജസ്റ്റിസ് ജുവനൈൽ വകുപ്പ് പ്രകാരം കുട്ടിക്ക് ലഹരി നൽകിയതിന് 3 വർഷവും തടവിന് ശിക്ഷിച്ചു. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളും ശിക്ഷാവിധി കേൾക്കാനായി കോടതിയിലെത്തിയിരുന്നു.
കഴിഞ്ഞ ജൂലൈ 28നായിരുന്നു കേരളത്തെ നടുക്കിയ അഞ്ച് വയസുകാരിയുടെ കൊലപാതകം നടന്നത്. കുട്ടിയെ കൂട്ടിക്കൊണ്ടുപോയ പ്രതി ആലുവ മാർക്കറ്റിലെ മാലിന്യങ്ങൾ നിറഞ്ഞ ഭാഗത്തുവച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം മൃതദേഹം ചാക്കിൽ കെട്ടി മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ചു. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പിറ്റേദിവസം രാവിലെയാണ് കുട്ടിയെ കൊന്ന് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. കുട്ടിയുമായി ഇയാൾ പോകുന്ന സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേസിൽ നിർണായകമായി.