ഇടുക്കി: കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കൂട്ട അവധിയെടുത്ത് ടൂർ പോയ സംഭവത്തിൽ കാരണം കാണിക്കൽ നോട്ടീസ്. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച സെപ്റ്റംബർ 1നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരടക്കമുള്ള ജീവനക്കാർ കേരളത്തിനു പുറത്തു വിനോദ യാത്ര പോയത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി 13 പേർക്ക് എക്സിക്യൂട്ടീവ് എൻജിനീയർ നോട്ടീസ് നൽകി. മുൻകൂർ അനുമതി ഇല്ലാതെയായിരുന്നു ജീവനക്കാരുടെ അവധിയെടുത്തുള്ള ടൂർ. അന്നേ ദിവസം പീരുമേട് 16 മണിക്കൂറാണ് ഇരുട്ടിലായത്. സെപ്റ്റംബർ 1ന് ഉച്ച കഴിഞ്ഞ് ഹാജർ ബുക്കിൽ ഒപ്പിടാത്തവർ, രണ്ടാം തീയതി മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരാകാതിരുന്നവർ എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഒന്നാം തീയതി രാത്രി സെക്ഷൻ ഓഫീസിൽ ടെലിഫോൺ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പേരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുമുണ്ട്.