തിരുവനന്തപുരം: കെഎസ്‌ആർടിസിയുടെ എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസ് തുടങ്ങി. ജിഎസ്‌ടി ഭവൻമുതൽ തമ്പാനൂർ കെഎസ്‌ആർടിസി സ്റ്റാൻഡുവരെ പരീക്ഷണ സർവീസിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ബസ് ഓടിച്ചു. തുടർന്ന് തിരുവനന്തപുരം–-കോട്ടയം റൂട്ടിൽ സർവീസും നടത്തി. ബുധൻ രാവിലെമുതൽ തിരുവനന്തപുരം–-എറണാകുളം (കോട്ടയം വഴി) റൂട്ടിൽ സർവീസ് ആരംഭിക്കും.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെട്ട് 11.05ന് എറണാകുളത്ത് എത്തും. തിരിച്ച് പകൽ രണ്ടിന് പുറപ്പെട്ട് രാത്രി 7.35ന് തിരുവനന്തപുരത്ത് എത്തും. പ്രധാന സ്റ്റാൻഡുകളിൽ കയറും. തിരുവനന്തപുരത്തുനിന്ന് 40 സീറ്റിലും ആളെ കിട്ടിയാൽ മറ്റിടങ്ങളിൽ നിർത്താതെ എറണാകുളത്തേക്ക് പോകും. തിരിച്ചും അങ്ങനെതന്നെയാകും. നിന്ന് യാത്ര ചെയ്യാൻ താൽപ്പര്യമുള്ളവരെ കയറ്റും. എസി പ്രവർത്തിക്കാത്തപ്പോൾ വശങ്ങളിലെ ഗ്ലാസ് നീക്കാൻ കഴിയും. തിരുവനന്തപുരത്ത് എറണാകുളത്തേക്ക് 350 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമേ സെസും ജിഎസ്‌ടിയും നൽകണം.
40 സീറ്റുകൾ ,കുറഞ്ഞ ടിക്കറ്റ് നിരക്ക് 40 രൂപ , പുറകിലെ സീറ്റ് ഒഴികെ ബാക്കി 35ഉം പുഷ്‌ബാക്ക് , കുപ്പിവെള്ളവും സ്‌നാക്‌സും ബസിൽ ലഭിക്കും , മൊബൈൽഫോൺ ചാർജ് ചെയ്യാം , നിശ്ചിത സമയം സൗജന്യ വൈഫൈ, തുടർന്ന് പണം നൽകി ഇന്റർനെറ്റ് സൗകര്യം ഉപയോഗിക്കാം.
തിരുവനന്തപുരം–-പാലക്കാട്, തിരുവനന്തപുരം–-കോഴിക്കോട് റൂട്ടുകളിൽ ഓണസമ്മാനമായി കൂടുതൽ സർവീസുകൾ എത്തുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ബസുകൾ എത്തുമ്പോൾ നിറത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ടാറ്റയുടെ ബസുകളാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.