തൃശൂർ: കരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും സിപിഐ എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് കേരളത്തോട് വിദ്വേഷം ആണ്. നോട്ടുനിരോധന കാലത്തും സഹകരണ മേഖലയെ വേട്ടയാടാനാണ് ശ്രമിച്ചത്. എന്നാൽ കേരളത്തെ ലോകത്തിന് മുന്നിൽ ഇകഴ്ത്താനുള്ള ശ്രമം നടത്തിയവർക്കെതിരെ ജനം വിധിയെഴുതും.
കേരളത്തിൽ നല്ല നിലയിലാണ് സഹകരണ മേഖല പ്രവർത്തിക്കുന്നത്. ചിലർ തെറ്റായ വഴികൾ സ്വീകരിച്ചു. കരുവന്നൂരിൽ തെറ്റ് ചെയ്തവരോട് ഒരു വിധ വീട്ടുവീഴ്ചയും ഇല്ല. അവിടെ നിക്ഷേപകർക്ക് 117 കോടി തിരിച്ചു കൊടുത്തു. കരുവന്നൂരിലെ നിക്ഷേപകൾക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരേഷ് ഗോപിയുടെ ഗ്രാഫ് പ്രതിദിനം കുറയുകയാണ്. സിപിഐ എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്ന് ബിജെപി ചിന്തിച്ചുകാണും. അതുകൊണ്ടൊന്നും സുരേഷ് ഗോപി വിജയിക്കാൻ പോകുന്നില്ല. സിപിഐ എം ഐടി രേഖകൾ ഫയൽ ചെയ്യുന്നില്ലെന്ന് പറയുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.