കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 852 ഗ്രാം സ്വർണവുമായി യുവാവിനെ കരിപ്പൂർ പൊലീസ് പിടികൂടി. മലപ്പുറം തിരൂർ ആലത്തിയൂർ അരങ്ങത്ത് പറമ്പിൽ എപി അൻവർ അലി (32) ആണ് അറസ്റ്റിലായത്. കസ്റ്റംസിനെ വെട്ടിച്ചാണ് ഇയാൾ വിമാനത്താവള ടെർമിനലിന് പുറത്തേക്ക് സ്വർണം കടത്തിയത്.
എയർ അറേബ്യയുടെ 3എൽ 121 അബുദാബി വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് വിമാനതാവളത്തിന് പുറത്ത് കാത്തിരുന്ന കരിപ്പൂർ പൊലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ താൻ സ്വർണ്ണക്കടത്ത് വാഹകനാണെന്ന് ഇയാൾ സമ്മതിച്ചു.കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ ശരീരത്തിനകത്ത് ഒളിപ്പിച്ച മൂന്ന് ഗുളികകൾ കണ്ടെത്തി. 825 ഗ്രാം തൂക്കം വരുന്ന സ്വർണ സംയുക്തമാണ് കണ്ടെടുത്തത്.