തൊടുപുഴ: കപ്പത്തൊലി കഴിച്ച് 13 പശുക്കൾ ചത്തുപോകാനിടയായതിന് കാരണം കപ്പത്തൊലിയിലെ സൈനേഡിന്റെ അംശം തന്നെയാണെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് ലബോറട്ടറിയുടെ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം ഉറപ്പായത്. പശുക്കളുടെ കോശ സാമ്പിളുകളിൽ സൈനേഡ് അംശം കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ലാബിലെ പരിശോധനയിൽ മറ്റ് അണുബാധകൾ ഒന്നുമില്ലെന്നും വ്യക്തമായതായി വകുപ്പ് പിആർഒ ഡോ. നിശാന്ത് എം പ്രഭ പറഞ്ഞു.
മറ്റ് തീറ്റകൾ ഒന്നും പശുക്കളുടെ വയറിൽ ഇല്ലായിരുന്നു. കാലിയായ വയറിലേക്കാണ് അമിത അളവിൽ കപ്പത്തൊലി ചെന്നത്. പശുക്കൾ തിന്നശേഷം കപ്പത്തൊലി തൊഴുത്തിൽ ബാക്കി കിടക്കുകയായിരുന്നു. കട്ടുള്ള കപ്പയുടെ തൊലിയായിരുന്നു ഇത്. രക്ഷപെട്ട ഒമ്പത് പശുക്കൾക്ക് സൈനേഡിന്റെ ആന്റിഡോട്ടാണ് നൽകിയത് . . സൈനേഡ് ചുവന്ന രക്താണുക്കളിൽ കലരുകയും ഇവപിന്നീട് ഓക്‍സിജന് പകരം സൈനേഡ് വാഹകരാകും. ഇതുമൂലം ഹൃദയം, ശ്വാസകോശം, തലച്ചോർ തുടങ്ങി ആന്തരികാവയവങ്ങൾ ഓക്‍സിജൻ ലഭിക്കാതെ പ്രവർത്തനം നിലയ്‍ക്കും. കപ്പത്തൊലിയിലെ ഹൈഡ്രോ സൈനിക് ആസിഡാണ് മരണകാരണമെന്ന് സംഭവദിവസം പോസ്റ്റ്മോർട്ടത്തിന് ശേഷം വകുപ്പ് കണ്ടെത്തിയിരുന്നു.