പാലക്കാട്: വടക്കഞ്ചേരി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ അതുവഴി വന്ന മറ്റു വാഹനങ്ങളൊന്നും നിർത്തിയില്ലെന്ന് ദൃക്സാക്ഷികൾ. ദേശീയപാതയിൽ സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ബസ് കെഎസ്ആർടിസി ബസിന് പിന്നിലേക്ക് ഇടിച്ചുകയറി മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാൻ വാഹനം കിട്ടാതെ വലഞ്ഞെന്നു രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. ഒടുവിൽ കള്ളുവണ്ടിയാണ് അതിനു തയാറായെതെന്നു ദൃക്സാക്ഷികൾ.
”അപകടത്തിൽ ഏകദേശം 20 പേർക്കെങ്കിലും പരിക്കുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോട് കൂുടി ഇവയെല്ലാം കിടന്നിരുന്നത്. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിർത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിർത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കിൽ എടുത്ത് കിടത്തിയാണ് കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലായിരുന്നു എല്ലാവരും.” ദൃക്സാക്ഷിയുടെ വാക്കുകൾ.
രാത്രി 12 മണിയോടെയാണ് ടൂറിസ്റ്റ് ബസ്സ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര – കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർത്ഥികളും, 3 പേർ കെഎസ്ആർടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്.
എൽന ജോസ് ക്രിസ്‍വിൻറ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരാണ് മരിച്ച വിദ്യാർത്ഥികൾ. ദീപു , അനൂപ് , രോഹിത എന്നിവരാണ് കെഎസ്ആർടിസിയിലെ യാത്രക്കാർ. വിനോദയാത്രാ സംഘത്തിനൊപ്പമുണ്ടായിരുന്ന വിഷ്ണു ആണ് മരിച്ച അധ്യാപകൻ. കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ചതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതാണ് അപകടത്തിൻറെ തോത് വർധിപ്പിച്ചത്. ടൂറിസ്റ്റ് ബസ് പൂർണമായി തകർന്ന നിലയിലാണ്. സീറ്റുകളും മറ്റും പുറത്ത് വന്ന നിലയിലാണുള്ളത്. കൊട്ടാരക്കരയിൽ നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.FacebookTwitterEmailWhatsAppCopy Link