Kerala

ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. 

കൊല്ലം : കൊല്ലം ഓയൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയുടേതെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ വിദഗ്ധർ രേഖാചിത്രം തയാറാക്കിയത്.  ഇവരുടെ കടയിൽ നിന്നാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ആദ്യം കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്. ഒരു സ്ത്രീക്കൊപ്പമാണ് ഇയാൾ എത്തിയത്. ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന ഇയാൾ കാക്കിപാന്റും ഷർട്ടും ആണ് ധരിച്ചിരുന്നത്. ഇയാൾക്കൊപ്പമുള്ള സ്ത്രീയാണ് കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചത്.

തിങ്കൾ വൈകിട്ട്‌ 4.45ന്‌ ഓയൂർ കാറ്റാടിമുക്കിൽ വെച്ചായിരുന്നു സംഭവം.പൂയപ്പള്ളി കാറ്റാടി ഓട്ടുമല റെജിഭവനിൽ റെജി ജോണിന്റെയും സിജി ജോണിന്റെയും മകൾ അബിഗേൽ സാറ റെജിയെ (ആറ്‌)യാണ് തട്ടിക്കൊണ്ടുപോയത്. നാലാം ക്ലാസിൽ പഠിക്കുന്ന സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ സെന്ററിലേക്ക്‌ പോകവെ വീടിനു 50 മീറ്റർ അകലെ വെള്ള നിറത്തിലുള്ള സ്വിഫ്‌റ്റ്‌ ഡിസയർ കാറിലെത്തിയവരാണ് തട്ടിക്കൊണ്ടുപോയത്‌. ഒരു പേപ്പർ അമ്മയ്‌ക്കു നൽകണമെന്നു പറഞ്ഞ്‌ തന്നെന്നും വാങ്ങാതിരുന്നപ്പോൾ കമ്പുകൊണ്ട്‌ അടിച്ചെന്നും  സാറയെ ബലമായി വലിച്ചിഴച്ച്‌ കാറിൽ കയറ്റിക്കൊണ്ടുപോയതായും സഹോദരൻ ജൊനാഥൻ പറഞ്ഞു. രാത്രി 7.45ഓടെയാണ് വീട്ടിലേക്ക് മോചന​ദ്രവ്യം ആവശ്യപ്പെട്ട് ആദ്യ വിളിയെത്തിയത്. ശേഷം രാത്രി വൈകി രണ്ടാമതും ഫോൺ കോളെത്തിയതായി ബന്ധുക്കൾ പറഞ്ഞു.  

അബിഗേൽ സാറ റെജിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നത്‌ നാലുപേരെന്ന്‌ സഹോദരൻ ജൊനാഥൻ. മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കാറിലുണ്ടായിരുന്നത്‌. സ്‌ത്രീ പിറകിലെ സീറ്റിലായിരുന്നു. എല്ലാവരും മാസ്ക് ധരിച്ചിരുന്നു. കാറിൽ അറിയുന്ന ആരും ഉണ്ടായിരുന്നില്ല. ട്യൂഷൻ സെന്ററിനടുത്ത്‌ ഈ കാർ പലപ്പോഴും കണ്ടിട്ടുണ്ടെന്നും സാറയ്‌ക്ക്‌ ഈ കാർ പേടിയായിരുന്നുവെന്നും ജൊനാഥൻ പറഞ്ഞു. 
 
നാല്‌ വീടിന്‌ അപ്പുറം ട്യൂഷൻ ടീച്ചറുടെ വീട്ടിലേക്കു പോകാനായി റോഡിലേക്ക്‌ ഇറങ്ങിയതും രണ്ടു കുട്ടികളെയും കാറിനുള്ളിലേക്കു വലിച്ചുകയറ്റാൻ ശ്രമിച്ചു. ആദ്യം അബിഗേലിനെയും പിന്നീട്‌ ജൊനാഥനെയും. എന്നാൽ, ജൊനാഥൻ കുതറി മാറി. കുട്ടികളുടെ നിലവിളി കേട്ട്‌ എത്തിയ ബന്ധുവും അയൽവാസിയുമായ ലില്ലിക്കുട്ടി ബഹളം വച്ചു. ലില്ലിക്കുട്ടിയുടെ നിലവിളി കേട്ട്‌  ബന്ധു കുഞ്ഞമ്മ മത്തായി ഓടിയെത്തി. അപ്പോഴേക്കും വേഗത്തിൽ കാർ ഓടിച്ചുപോയി. 

അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ വാഹനം ഒരാഴ്ചയായി പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ. അതുകൊണ്ടുതന്നെ കൃത്യമായ ​ഗൂഢാലോചന സംഭവത്തിനു പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം. മറ്റു സ്കൂൾ കുട്ടികളും ഈ സമയത്ത് റോഡിലൂടെ കടന്നുപോയിരുന്നു. അതുകൊണ്ടുതന്നെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമല്ല ഇതിന്റെ പിന്നിലെന്നും ഈ കുട്ടികളെതന്നെ തന്നെ ലക്ഷ്യമാക്കിയാണ് സംഘം എത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. അബിഗേലിന്റെ സഹോദരൻ ജൊനാഥനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും സംശയം വർധിപ്പിക്കുന്നു.  പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ പ്രത്യേക കൺട്രോൾ റൂം നമ്പരായ 112ലോ 9946923282, 9495578999 എന്നിവയിലോ അറിയിക്കണമെന്നാണ്‌ പൊലീസ്‌ നിർദ്ദേശം.
 

 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *