തിരുവനന്തപുരം > ഗവ. മെഡിക്കൽ കോളേജ് ആ ശുപത്രിയിൽ നൂറുദിന ദിന കർമപരിപാടിയുടെ ഭാഗമായി പൂർത്തിയാക്കിയ വിവിധ പദ്ധതികൾ ബുധൻ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കിയ സുപ്രധാന പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. റേഡിയോതെറാപ്പി വിഭാഗത്തിലെ ലീനിയർ ആക്സിലറേറ്റർ (ലിനാക്-18 കോടി), സമഗ്ര സ്ട്രോക്ക് യൂണിറ്റ് ആൻഡ് കാത്ത് ലാബ് (14.03 കോടി), ബേൺസ് ഐസിയു (3.4 കോടി), ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ് (1.10 കോടി) എന്നിവയുടെയും സമഗ്രപദ്ധതിയുടെ ഭാഗമായ എംഎൽടി ബ്ലോക്കിന്റെ (16 കോടി) നിർമാണോദ്ഘാടനവുമാണ് നടക്കുക. മന്ത്രി വീണാ ജോർജ് അധ്യക്ഷയാകും. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാകും. പദ്ധതികൾ പ്രവർത്തനസജ്ജമാകുന്നതോടെ അർബുദരോഗ നിർണയവും ചികിത്സാ സംവിധാനവും അടിയന്തര ചികിത്സ ആവശ്യമായി വരുന്ന പക്ഷാഘാതരോഗികൾക്കുള്ള വിദഗ്ധ ചികിത്സ, പൊള്ളൽ വിഭാഗത്തിലെ വിവിധ ചികിത്സ, ശ്വാസകോശ സംബന്ധമായ വിദഗ്ധ ചികിത്സ എന്നിവ ലഭ്യമാകും. ചടങ്ങിൽ ശശി തരൂർ എംപി, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.