ഹമ്മദാബാദ്: ഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനു സമിതിയെ നിയോഗിക്കാൻ സംസ്ഥാനത്തെ ബിജെപി സർക്കാർ തീരുമാനിച്ചു. ഉടൻ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഏറെ ചർച്ചയാകാവുന്ന തീരുമാനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം സമിതി രൂപവത്കരിക്കാനുള്ള നിർദേശം അംഗീകരിച്ചതായി ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഘ്വി പറഞ്ഞു.
ഭൂപേന്ദ്ര പട്ടേൽ സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗമാവും ഇതെന്നാണു നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പു തീയതികൾ ഒരാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കും. ഏകീകൃത സിവിൽ കോഡ് സമിതിയെ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി നയിക്കും. നേരത്തേ, ഉത്തരഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും ബിജെപി സർക്കാരുകൾ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഉത്തരഖണ്ഡിൽ റിട്ടയേഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇതിന്റെ കരടു തയാറാക്കുന്നത്.
വ്യക്തിനിയമങ്ങൾ ജാതി മത ഭേദമില്ലാതെ എല്ലാവർക്കും ഒരുപോലെ ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്. എന്നാൽ, ഏക സിവിൽ നിയമം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ആരോപിക്കുന്നത്.
ഗുജറാത്തിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുകയെന്നു കേന്ദ്ര മന്ത്രി പുരുഷോത്തം രുപാല പറഞ്ഞു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ഏക സിവിൽ നിയമം ബാധിക്കില്ല. എന്നാൽ, ഹിന്ദു വിവാഹ നിയമവും മുസ്ലിം വ്യക്തി നിയമവും ഭരണഘടനയുടെ ഭാഗമല്ലാത്തതിനാൽ ഏക സിവിൽ കോഡിൽ ഉൾപ്പെടും. ഭർത്താവിന്റെ സ്വത്തിൽ ഭാര്യയുടെ അവകാശം, അച്ഛന്റെ സ്വത്തിൽ മകൾക്കുള്ള അവകാശം തുടങ്ങി സിവിൽ തർക്കങ്ങളാണ് പ്രധാനമായും ഇതിൽ ഉൾപ്പെടുക. ഇക്കാര്യത്തിൽ നിരവധി നിവേദനങ്ങൾ ജനങ്ങളിൽ നിന്നു ലഭിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ വിഷയം ബാധകമല്ലെന്നും രുപാല പറഞ്ഞു. ധ്രുവീകരണത്തിനുള്ള ശ്രമമാണെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമെന്നും രുപാല