തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ആയ എകെജി സെന്ററിനു നേർക്ക് ആക്രമണം നടന്നിട്ട് ഒരു മാസം പിന്നിടുന്നു. പ്രതിയെ കണ്ടെത്താൻ പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണം എങ്ങുമെത്താതെ ഇഴയുമ്പോൾ ‘കിട്ടിയോ’ എന്ന ഹാഷ് ടാഗിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണവും തുടരുകയാണ്. ജൂൺ 30ന് രാത്രി പതിനൊന്നരയോടെയാണ് എകെജി സെന്ററിനു നേർക്ക് ആക്രമണമുണ്ടായത്. എകെജി സെന്ററിന്റെ പിൻഭാഗത്തുള്ള എകെജി ഹാളിലേക്കുള്ള ഗേറ്റിലേക്കാണ് ഇരുചക്ര വാഹനത്തിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തില അന്വേഷണത്തിൽ രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തുവെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. പകരം എകെജി സെന്റർ ആക്രമിക്കുമെന്ന് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. ബോംബ് സ്‌ഫോടനത്തിന്റെ ശബ്ദത്തിൽ കെട്ടിടം കുലുങ്ങിയെന്നും മറ്റുമുള്ള പി.കെ ശ്രീമതിയുടെ പ്രസ്താവന സമൂഹ മാധ്യമങ്ങൾക്ക് ഏറെക്കാലം ട്രോളിനുള്ള വകയായി. ആക്രമണത്തിനു പിന്നിൽ കോൺഗ്രസ് ആണെന്ന് മിനിറ്റുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞത് മറ്റൊരു രാഷ്ട്രീയ കോലാഹലത്തിന് ഇടയാക്കി. ഈ വാദം മറ്റാരും ഏറ്റെടുക്കാതെ വന്നതോടെ ജയരാജൻ തന്നെ പരാമർശത്തിൽ നിന്ന് പിൻവാങ്ങി. ബോംബാക്രമണമാണെന്ന് ആദ്യം വെളിപ്പെടുത്തലുണ്ടായെങ്കിലും പോലീസിന്റെയും ഫോറൻസിക് സംഘത്തിന്റെയും അന്വേഷണത്തിൽ പ്രഹരശേഷി കുറഞ്ഞ സ്‌ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്ന് വ്യക്തമായി.
എകെജി സെന്ററിന്റെ മുഖ്യകവാടത്തിൽ പോലീസ് കാവൽ ഉണ്ടായിരുന്നുവെങ്കിലും പോലീസ് വാഹനം ലഭ്യമായിരുന്നിട്ടും പ്രതിയെ പിന്തുടരാത്തത് പോലീസിനെയും വിവാദത്തിലാക്കി. ആക്രമണത്തിൽ ആദ്യം സൈബർ സെൽ ഉൾപ്പെടെ പോലീസിന്റെ 12 അംഗ സംഘം അന്വേഷണം നടത്തി. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. എന്നാൽ ഇതെല്ലാം സ്വർണകടത്ത് കേസിൽ നിന്നും ജനശ്രദ്ധ തിരിക്കാനുളള രാഷ്ട്രീയ നാടകമാണെന്ന് യു.ഡി.എഫ് ആരോപിച്ചിരുന്നു.