തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും “പിടിക്കാൻ’ തൃണമൂൽ കോൺഗ്രസ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇതിനായി നേരിട്ട് ഇറങ്ങുമെന്നാണ് വിവരം. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും കോൺഗ്രസിലെ പഴയ സഹപ്രവർത്തകരും, ഇപ്പോൾ തൃണമൂൽ നേതാക്കളുമായ ചില പ്രമുഖരെ ഇതിനായി മമത നിയോഗിച്ചു എന്നാണറിയുന്നത്.
എന്നാൽ, ഇവർ ഇതിനോട് മുഖം തിരിക്കാനേ സാധ്യതയുള്ളൂ എന്നാണ് ഇരുവരോടും അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. തൃണമൂൽ കോൺഗ്രസിൽ ചേർന്നാൽ എംഎൽഎ സ്ഥാനം നഷ്ടപ്പെടുമെന്നതാണ് അതിൽ പ്രധാനം. കോൺഗ്രസിലെ മൂന്നിലൊന്ന് നിയമസഭാംഗങ്ങളെങ്കിലും ഏത് സാഹചര്യത്തിലും ഇരുവർക്കുമൊപ്പമുണ്ട് എന്നതാണ് ഇവരെ വലവീശാൻ തൃണമൂലിനെ പ്രേരിപ്പിക്കുന്നത്. ബംഗാളിനും തൃപുരയ്ക്കും പുറമെ അസം, മണിപ്പുർ, ഗോവ എന്നിവിടങ്ങളിലൊക്കെ കോൺഗ്രസിനെ ഞെട്ടിച്ച തൃണമൂലിന് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും പിന്തുണയുണ്ടെങ്കിൽ കേരളത്തിലും വെന്നിക്കൊടി പാറിക്കാമെന്നാണ് കണക്കുകൂട്ടൽ.
കോൺഗ്രസ് സംസ്ഥാന നേതൃത്വത്തോട് കടുത്ത അതൃപ്തിയുള്ള ഉമ്മൻചാണ്ടിയും ചെന്നിത്തലയും പ്രവർത്തനങ്ങളോട് സഹകരിക്കാതെ മാറിനിൽക്കുകയാണ്. അതിൽ ഒടുവിലത്തേതാണ് ഇരുവരും തലസ്ഥാനത്തുണ്ടായിട്ടും യുഡിഎഫ് യോഗത്തിൽ നിന്ന് ഒരുമിച്ച് വിട്ടുനിന്നത്. അതിനിടെ, ഇന്നാരംഭിക്കുന്ന ജനജാഗ്രതാ പദയാത്രകൾക്ക് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നേതൃത്വം നൽകുന്നതിനെ ഇരുവരും സംശയദൃഷ്ടിയോടെ നോക്കിക്കാണുകയാണ്. ഇത് പുതിയ “വേണുഗോപാൽ ഗ്രൂപ്പ്’ സൃഷ്ടിക്കാനാണ് എന്നാണ് നിലവിലുള്ള ഗ്രൂപ്പുകളുടെ ആരോപണം. അതുകൊണ്ടുതന്നെ ഈ യാത്രകളോട് എ, ഐ ഗ്രൂപ്പ് നേതാക്കൾ നിസഹകരിക്കുകയാണ്.
ഹൈക്കമാൻഡിനോട് പരാതി പറഞ്ഞിട്ടും ഫലമില്ല എന്നത് ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും ചൊടിപ്പിച്ചിട്ടുണ്ട്. കെപിസിസി ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കെ.സി. വേണുഗോപാലിന്റെ ഏജന്റായാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം. എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ ഉറപ്പുകൾ താരിഖ് അൻവർ അട്ടിമറിച്ചാൽ അതിന്റെ ഫലം സംസ്ഥാനത്തെ സംഘടനാ രംഗത്തുണ്ടാകുമെന്നും അതിന്റെ ഉത്തരവാദിത്തം തങ്ങൾക്കായിരിക്കില്ല എന്നുമാണ് ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും നിലപാട്.
അഖിലേന്ത്യാ തലത്തിൽ തന്നെ കോൺഗ്രസിന്റെ മുഖമായിരുന്ന രണ്ട് നേതാക്കളാണ് ഉമ്മൻചാണ്ടിയും ചെന്നിത്തലയും എന്നതാണ് തൃണമൂലിന്റെ വലയെറിയലിന് പിന്നിൽ. ചെന്നിത്തലയും മമതയും യൂത്ത് കോൺഗ്രസിലും എഐസിസിയിലും സഹ ഭാരവാഹികളുമായിരുന്നു. ഹൈക്കമാൻഡ് നിരന്തരം ചവിട്ടിയരയ്ക്കുമ്പോൾ ഇരുവരും കോൺഗ്രസ് വിടാൻ നിർബന്ധിതമാവുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ