തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആൻ ടെസ ജോസഫ് കുടുംബവുമായി ഫോണിൽ സംസാരിച്ചു. മകൾ വിഡിയോ കോൾ വിളിച്ച് സുരക്ഷിതയാണെന്ന് അറിയിച്ചതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു. കപ്പലിൽ ഉള്ളവർ സുരക്ഷിതരാണെന്നും ഫോൺ പിടിച്ചെടുത്തത് ഒഴിച്ചാൽ മറ്റ് പ്രശ്നങ്ങളില്ലെന്നും ആൻ പറഞ്ഞതായി ബിജു പറഞ്ഞു. ഒമ്പതുമാസമായി കപ്പലിൽ പരിശീലനത്തിന്റെ ഭാഗമായി ജോലിയിലായിരുന്നു വാഴൂർ കാപ്പുകാട് താമസിക്കുന്ന തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടെസ്സ ജോസഫ് (21) അടക്കം 17 ഇന്ത്യക്കാരാണ് കപ്പലിൽ അകപ്പെട്ടത്. ഇതിൽ മൂന്ന് പേർ മലയാളികളാണ്.
ആൻ ഇന്ത്യയിലേക്കു വരുംവഴിയാണ് കപ്പൽ പിടിച്ചെടുത്തത്. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയിലെ പഠനശേഷമാണ് പരിശീലനത്തിന് കപ്പലിൽ എത്തിയത്. കമ്പനി അധികൃതർ തിങ്കളാഴ്ചയും മകൾ സുരക്ഷിതയാണെന്ന് അറിയിച്ചുവെന്നും ബിജു പറഞ്ഞു. ബിജു – ബീന ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ആൻ.