ന്യൂഡൽഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിലെ മലയാളികളടക്കമുള്ള 17 ഇന്ത്യാക്കാരുടെ മോചനത്തിനായി ഇടപെട്ട് കേന്ദ്ര സർക്കാർ രംഗത്ത്. ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുകയും നിലവിലെ സാഹചര്യങ്ങൾ ചർച്ചയായെന്നും വിഷയം പരിഹരിക്കാൻ നയതന്ത്ര ചർച്ചകളുടെ ആവശ്യകതയുണ്ടെന്നും വ്യക്തമാക്കി. ഇക്കാര്യം ജയശങ്കർ ട്വീറ്റ് ചെയ്തിരുന്നു. മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഇറാൻ വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ സംസാരിച്ചത്. ഇന്നലെ വൈകുന്നേരം അമിറബ്ദൊള്ളാഹിയാനുമായി സംസാരിച്ചെന്നും കപ്പലിലെ 17 പേരുടെ മോചനം സംബന്ധിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെ സംബന്ധി ച്ച് ചര്‍ച്ച ചെയ്തതായും ജയ്‌ശങ്കർ വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം പൊറ്റെങ്ങോട്ട് പി.വി. ധനേഷ് എന്നീ മലയാളികളുള്‍പ്പെടെ 17 ഇന്ത്യക്കാരാണുള്ളത്. കപ്പലില്‍ മൊത്തം 25 ജീവനക്കാരുണ്ട്.