കോഴിക്കോട് : ഇന്നലെ രാത്രി പരിശോധനാ ഫലം പുറത്തുവന്ന 42 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇനി കുറച്ചു സാമ്പിളുകളുടെ കൂടി ഫലം വരാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഹൈ റിസ്ക് കാറ്റഗറിയിലുൾപ്പെട്ട 23 സാമ്പിളുകൾ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നും ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇവയും നെഗറ്റീവാണെന്നും മന്ത്രി അറിയിച്ചു. ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെടുന്നത് ഏറെ പ്രതീക്ഷ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലുള്ള കേന്ദ്രസംഘങ്ങൾ 2018ൽ വ്യാപനം നടന്ന സ്ഥലത്ത് വിശദമായ പരിശോധന നടത്തും. ഐസിഎംആറിന്റെയും എൻഐവിയുടെയും ചെന്നൈയിൽ നിന്നും പൂനെയിൽ നിന്നുമുള്ള സംഘങ്ങൾ നിലവിൽ രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഫീൽഡ് സന്ദർശനം നടത്തും.
19 ടീമുകളുടെയും പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. സമ്പർക്കപ്പട്ടിക തയാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. ഭൂരിഭാഗവും കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. ഇനിയും കണ്ടെത്താനുള്ളവരെ പൊലീസിന്റെ സഹായത്തോടെ മൊബൈൽ ടവർ ലൊക്കേഷൻ ഉൾപ്പെടെ ഉപയോഗിച്ച് കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.