വാഷിങ്ടൻ: ആഴ്ച്ചകൾക്ക് മുമ്പേയാണ് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ മുങ്ങിയ ടൈറ്റാനിക്ക് കപ്പൽ കാണാൻ പോയ അഞ്ചു പേർ ആഴക്കടലിൽ വെച്ച് മരിച്ചത്. ഓഷ്യൻഗേറ്റ് കമ്പനി നിർമ്മിച്ച ടൈറ്റൻ സമുദ്രപേടകത്തിലായിരുന്നു പോയത്. ദുരന്തത്തിൽ ഓഷ്യൻഗേറ്റിന്റെ സിഇഒ അടക്കമുള്ള 4 പേരാണ് മരിച്ചത്. ഇതിന്റ ചൂടണയും മുമ്പാണ് പുതിയ പദ്ധതിയുമായി കമ്പനിയുടെ സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ എത്തിയിരിക്കുന്നത്. ഇത്തവണ ആഴക്കടലിലല്ല ശുക്രനിൽ ആണ് മനുഷ്യരെ എത്തിക്കാൻ പോകുന്നത്. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് അയയ്ക്കാനാണു ഗില്ലർമോ സോൺലൈൻ ലക്ഷ്യംവയ്ക്കുന്നത്. ശുക്രനിൽ മനുഷ്യരെ താമസിപ്പിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. നരക ഗ്രഹം എന്ന് വിളിക്കപ്പെടുന്ന ശുക്രൻ, ഭൂമിയുമായി വലിപ്പത്തിലും സാന്ദ്രതയിലും സമാനതകൾ ഉണ്ട്. എന്നാൽ അതിന്റെ അന്തരീക്ഷത്തിൽ മാരകമായ അളവിലുള്ള കാർബൺ ഡൈ ഓക്സൈഡിന്റെയും സൾഫ്യൂറിക് ആസിഡ് മേഘങ്ങളുടേയും ഉയർന്ന വേഗതയുള്ള കാറ്റും അവിടെ മനുഷ്യവാസം സാധ്യമാകുമോ എന്നത് സംശയമുള്ള കാര്യമാണ്. എങ്കിലും താൻ അവിടേക്ക് മനുഷ്യരെ കൊണ്ടുപോകുമെന്നാണ് ഗില്ലെർമോ സോൺലൈൻ അവകാശപ്പെടുന്നത്.