തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിലെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ കരാർ തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി.തകരപ്പറമ്പിലെ ശ്രീചിത്ര പുവർ ഹോമിന് പിന്നിലായുള്ള കനാലിലാണ് മൃതദേഹം പൊന്തിയതെന്നാണ് റിപ്പോർട്ട്. ഇത് റെയിൽവേയിൽ നിന്നും വെള്ളം ഒഴുകി വരുന്ന ഭാഗമാണ്. മൃതദേഹം പോലീസും ഫയർഫോഴ്സും എത്തി കനാലിൽ നിന്നും പുറത്തേക്ക് എടുത്തു. വീർത്ത അവസ്ഥയിലാണ് മൃതദേഹം. സഹപ്രവർത്തകരും ബന്ധുക്കളും മൃതദേഹം ജോയിയുടേതാണെന്ന് സ്ഥിരീകരിച്ചു എന്നാണ് റിപ്പോർട്ട്.മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ജീർണിച്ച നിലയിലായതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും എന്നാണ് റിപ്പോർട്ട്.
വൃദ്ധ മാതാവുൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മരിച്ച ജോയ്. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനു സമീപം പാളത്തിനടിയിലൂടെ കടന്നുപോകുന്ന ആമയിഴഞ്ഞാൻ കനാലിൻ്റെ ഒരു ഭാഗം വൃത്തിയാക്കാൻ റെയിൽവേ കരാർ എടുത്ത സ്വകാര്യ ഏജൻസിയാണ് ശുചീകരണ തൊഴിലാളിയായ ജോയിയെ ഈ ജോലിക്കായി നിയമിച്ചത്. കനാലിൻ്റെ 140 മീറ്റർ നീളമുള്ള വീതി കുറഞ്ഞ ഭാഗത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നംഗ തൊഴിലാളികൾ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും മഴ ശക്തിപ്രാപിച്ചതോടെ കനാലിനുള്ളിലെ ഒഴുക്ക് വർധിച്ചതോടെ ജോയിക്ക് കൃത്യസമയത്ത് പുറത്തിറങ്ങാനായില്ല എന്നാണ് റിപ്പോർട്ട്. സഹപ്രവർത്തകർ ആദ്യം കയറുപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജോയ് ഒഴുക്കിൽ പെടുകയായിരുന്നു.