KeralaNews

ആഭിചാരക്കൊല: പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.

കൊച്ചി:  സ്വത്ത്‌ സമ്പാദനത്തിനും ഐശ്വര്യത്തിനും വേണ്ടി രണ്ടുസ്‌ത്രീകളെ ആഭിചാരക്കൊല നടത്തിയ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽ സിങ്, ഭാര്യ ലൈല എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.  പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റും. കസ്റ്റഡി അപേക്ഷ പൊലീസ് ഇന്നു തന്നെ നൽകും.കടവന്ത്രയിൽ ലോട്ടറി വിൽപ്പന നടത്തിയിരുന്ന തമിഴ്‌നാട്‌ സ്വദേശി പത്മം (56), കാലടിയിൽ വാടകയ്‌ക്ക്‌ താമസിച്ചിരുന്ന തൃശൂർ സ്വദേശി റോസിലി (49) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 26 മുതൽ പത്മയെ കാണാതായെന്ന മകൻ സെൽവന്റെ പരാതിയിൽ കടവന്ത്ര പൊലീസ്‌ നടത്തിയ അന്വേഷണമാണ്‌ നാടിനെ നടുക്കിയ ആഭിചാരക്കൊലയുടെ മറനീക്കിയത്‌.
അന്വേഷണത്തിൽ പത്മയുടെ മൊബൈൽഫോൺ ലൊക്കേഷൻ തിരുവല്ല ഭാഗത്ത്‌ കണ്ടെത്തി. പത്മയെ കൊച്ചിയിൽനിന്ന്‌ വാഹനത്തിൽ കടത്തിക്കൊണ്ടുപോയ മുഹമ്മദ്‌ ഷാഫി പൊലീസ്‌ വലയിലായിരുന്നു. നഗരത്തിൽ ലോട്ടറി വിറ്റിരുന്ന സ്‌ത്രീകൾ നൽകിയ വിവരമനുസരിച്ചാണ്‌ ഷാഫിയെ തിരിച്ചറിഞ്ഞത്‌. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന്‌ ലഭിച്ചു. തുടർന്ന്‌ അന്വേഷണം ഭഗവൽസിങ്ങിലേക്കും ഭാര്യ ലൈലയിലേക്കും എത്തിയതോടെ കാലടിയിൽനിന്ന്‌ നേരത്തേ കാണാതായ റോസിലിയുടെ കൊലപാതകവിവരവും പുറത്തുവന്നു. കഴിഞ്ഞ ജൂൺ എട്ടിനാണ്‌ റോസിലിയെ കാണാതായത്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *