അബുദാബി: ആഗോള മാധ്യമ സമ്മേളനത്തിന് അബുദാബിയിൽ തുടക്കമായി. മാധ്യമ വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുക എന്ന പ്രമേയത്തിലാണ് ഗ്ലോബൽ മീഡിയ കോൺഗ്രസ് നടക്കുന്നത്. യുഎഇ യുവജനകാര്യ മന്ത്രി ഷമ്മ ബിന്ത് സുഹൈൽ ബിൻ ഫാരിസ് അൽ മസ്റുയി സമ്മേളനത്തിൽ മുഖ്യാതിഥിയായി. വ്യവസായ, സാങ്കേതിക മന്ത്രി സുൽത്താൻ അഹമ്മദ് അൽ ജാബർ, ബഹ്‌റൈൻ ഇൻഫർമേഷൻ അഫയേഴ്‌സ് വകുപ്പ് മന്ത്രി റംസാൻ ബിൻ അബ്ദുള്ള അൽ നുഐമി എന്നിവരും ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും എം പി യുമായ ജോൺ ബ്രിട്ടാസ്. കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി അപൂർവ്വ ചന്ദ്ര, മുൻ രാജ്യസഭ അംഗം എംപി ശ്രേയസ് കുമാർ, മുതിർന്ന മാധ്യമപ്രവത്തകൻ ശശികുമാർ എന്നിവർ ഇതിൽ പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, മാധ്യമ സാങ്കേതിക മേഖലയിലെ വിദഗ്ധർ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. 29 രാജ്യങ്ങളിൽ നിന്ന് ആകെ 1200 പ്രതിനിധികളാണ് പങ്കെടുക്കുക. 160 ഓളം ആഗോള പ്രശസ്തർ പങ്കെടുക്കുന്ന സെഷനിൽ മുപ്പതിലേറെ സംവാദങ്ങളും ശില്പശാലകളും നടക്കും. മന്ത്രി തല പാനൽ ചർച്ചയിൽ സിംബാബ്‌വേ, ബഹറിൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യുവ മാധ്യമ പ്രതിനിധികളും ഇതിൽ പങ്കെടുക്കുന്നുണ്ട്.