ലുസെയ്ൽ സ്റ്റേഡിയത്തിൽ ആ രാത്രി ലയണൽ മെസിയും ജൂലിയൻ അൽവാരെസും മാന്ത്രികരായി. അർജന്റീന അതിശക്തരായി. ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് അർജന്റീന ലോകകപ്പിന്റെ ഫൈനലിലേക്ക് കുതിച്ചു. ഇന്ന് നടക്കുന്ന ഫ്രാൻസ്–-മൊറോക്കോ സെമിയിലെ വിജയികളുമായാണ് കിരീടപ്പോരാട്ടം. 18നാണ് ഫൈനൽ.
ഇരട്ടഗോളുമായി അൽവാരെസ് മിന്നിയപ്പോൾ നോക്കൗട്ടിൽ തുടർച്ചയായ മൂന്നാം ഗോളുമായി മെസി പട നയിച്ച നായകനായി. ആദ്യ കളിയിൽ സൗദി അറേബ്യയോട് തോറ്റശേഷമായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരുടെ മനോഹരമായ തിരിച്ചുവരവ്. 1990ൽ കാമറൂണിന് തോറ്റ് തുടങ്ങി, ഫൈനൽവരെ കുതിച്ച ടീമിനെ ഓർമിപ്പിക്കുന്ന പ്രകടനം. പെനൽറ്റിയിലൂടെയായിരുന്നു മെസിയുടെ ഗോൾ. ഈ ലോകകപ്പിലെ അഞ്ചാംഗോൾ. അൽവാരെസിന്റെ രണ്ടാംഗോളിന് അവസരവുമൊരുക്കി. റഷ്യൻ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീനയെ മൂന്ന് ഗോളിന് ക്രൊയേഷ്യ തോൽപ്പിച്ചിരുന്നു. ഇക്കുറി ബ്രസീലിനെ തോൽപ്പിച്ചായിരുന്നു ക്രൊയേഷ്യ സെമിയിൽ എത്തിയത്.
ആദ്യ നിമിഷങ്ങളിൽ പന്തിൽ നിയന്ത്രണം ക്രൊയേഷ്യക്കായിരുന്നു. മെസിയെ ഒറ്റപ്പെടുത്തി അർജന്റീനയുടെ നീക്കങ്ങൾ മുറിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. തുടക്കത്തിൽ യോസ്കോ ഗ്വാർഡിയോൾ മെസിയെ നിയന്ത്രിക്കാനുള്ള ചുമതല നന്നായി നിറവേറ്റി. എന്നാൽ ആദ്യ 20 മിനിറ്റിനുശേഷം കളി മാറി. അർജന്റീന താളം കണ്ടെത്തി. പന്ത് കാലിൽ കിട്ടിയ സമയത്തൊക്കെ മെസി അപകടകാരിയായി. ഇതിനിടെ എൺസോ ഫെർണാണ്ടസിന്റെ ലോങ് റേഞ്ച് ഷോട്ട് ക്രൊയേഷ്യൻ ഗോൾ കീപ്പർ ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി.
അൽവാരെസും മെസിയും മക് അലിസ്റ്ററും ആക്രമണം നയിച്ചു. വശങ്ങളിൽ നിക്കോളാസ് താഗ്ലിയാഫിക്കോയും നഹുവേൽ മൊളീനയും വേഗത്തിൽ പന്തെത്തിച്ചു. 34–-ാം മിനിറ്റിൽ അൽവാരെസിന്റെ മുന്നേറ്റത്തെ ലിവാകോവിച്ച് തടഞ്ഞുവീഴ്ത്തിയതിന് അർജന്റീനയ്ക്ക് പെനൽറ്റി കിട്ടി. മെസിയുടെ കരുത്തുറ്റ കിക്കിൽ ലിവാകോവിച്ച് നിഷ്പ്രഭനായി. ആ ഗോളിന്റെ ആഘാതം അവസാനിക്കുംമുമ്പ് അൽവാരെസിന്റെ മിന്നുന്ന ഗോളിൽ അർജന്റീന ലീഡുയർത്തി. ക്രൊയേഷ്യയുടെ കോർണറിൽനിന്നായിരുന്നു തുടക്കം. പ്രത്യാക്രമണം. ബോക്സിന് മുന്നിൽനിന്ന് മെസി തട്ടിയിട്ട പന്തുമായി അൽവാരെസ് കുതിച്ചു. ഇടയ്ക്ക് കയറിയ ക്രൊയേഷ്യൻ പ്രതിരോധ താരങ്ങളിൽ തട്ടി ബോക്സിൽ. ലിവാകോവിച്ചിന് മറുപടിയുണ്ടായില്ല. രണ്ട് ഗോൾ ലീഡ്. വീണ്ടും ആക്രമണം. മക് അലിസ്റ്ററിന്റെ നീക്കം ലിവാകോവിച്ച് തടഞ്ഞു. രണ്ട് ഗോളിൽ ലൂക്കാ മോഡ്രിച്ചും സംഘവും തളർന്നു.
69–-ാം മിനിറ്റിൽ അർജന്റീന ജയം പൂർത്തിയാക്കി. മെസിയുടെ ഒന്നാന്തരം നീക്കം. ഗ്വാർഡിയോളിനെ നിലംപരിശാക്കി മെസി ബോക്സിനുള്ളിൽ കയറി. പിന്നെ ഗോൾമുഖത്തുള്ള അൽവാരെസിലേക്ക് പന്ത് നീക്കി. അൽവാരെസ് തൊടുത്തു. അർജന്റീന കുതിച്ചു. 1966നുശേഷം ഒരു ലോകകപ്പിൽ മൂന്ന് കളിയിൽ ഗോളും അവസരമൊരുക്കലും നടത്തിയ ആദ്യ താരമായി മെസി.