പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്‍ച്ചയാവും. ആഗസ്റ്റ് 8 നും 9 നും ഇടയിൽ സഭയില്‍ ചര്‍ച്ച നടക്കും. പിന്നീട് ആഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നൽകും.
പ്രതിപക്ഷത്തിന് വേണ്ടി കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. മോദി സർക്കാരിനെ പരാജയപ്പെടുത്താൻ തങ്ങൾക്ക് ഭൂരിപക്ഷമില്ലെന്നും പാർട്ടികൾ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ പ്രധാനമന്ത്രി പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസ പ്രമേയത്തിന് മറുപടി നല്‍കേണ്ട ചുമതല പ്രധാനമന്ത്രിയ്ക്കാണ്.
മണിപ്പൂരില്‍ കലാപം ആളിക്കത്തുന്ന അവസരത്തില്‍ വിഷയം സഭയിൽ ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി പറയണമെന്നും വര്‍ഷകാല സമ്മേളനത്തിന്‍റെ തുടക്കം മുതൽ പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് പ്രതിക്ഷം പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു. മണിപ്പൂർ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രധാനമന്ത്രി തന്നെ മറുപടി പറയേണ്ട ആവശ്യമില്ല എന്നുമായിരുന്നു ഭരണപക്ഷത്തിന്‍റെ നിലപാട്.