തിരുവനന്തപുരം: അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 33 ലക്ഷം രൂപയുടെ സ്വർണ്ണവുമായി രണ്ട് യാത്രക്കാർ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിൽ. ഇരുവരും ദമാമിൽ നിന്നും ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ്. മൂന്ന് സ്വർണ്ണ ബിസക്ക്റ്റുകളും സ്വർണനാണയവും ഉൾപ്പെടെ 478 ഗ്രാം തൂക്കമുളള സ്വർണ്ണമാണ് ഇവരിൽ നിന്നും എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം ഇവരുടെ ലഗേജുകൾ പരിശോധിച്ചപ്പോഴും ഒന്നും കണ്ടെത്തിയിരുന്നില്ല. എന്നാൽ സംശയത്തെ തുടർന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറുടെ നേത്യത്വത്തിൽ നടത്തിയ ദേഹപരിശോധനയിലാണ് സ്വർണവുമായി ഇവർ പിടിയിലാകുന്നത്.