KeralaNews

അഞ്ചു മാസം , 40,000 പട്ടയം ; പട്ടയം മിഷൻ പ്രഖ്യാപിച്ച്‌ സർക്കാർ.

തിരുവനന്തപുരം:സംസ്ഥാനത്ത്‌ എല്ലാവർക്കും ഭൂമി എന്ന എൽഡിഎഫിന്റെ പ്രഖ്യാപിത ലക്ഷ്യം പൂർത്തിയാക്കാൻ പട്ടയം മിഷൻ പ്രഖ്യാപിച്ച്‌ സർക്കാർ. അർഹതപ്പെട്ട എല്ലാവർക്കും സമയബന്ധിതമായി പട്ടയം നൽകും. ഇതിനായി റവന്യൂ മന്ത്രിയുടെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കി. ഓരോ പ്രദേശത്തെയും പട്ടയപ്രശ്‌നങ്ങൾ പ്രത്യേകം കണ്ടെത്തി പരിഹരിക്കും. പ്രത്യേക ഡാഷ്‌ ബോർഡും തയ്യാറാക്കി. സംസ്ഥാനത്തെ മൂന്നു മേഖലയായി തിരിച്ച്‌ തുടർനടപടി സ്വീകരിക്കും.

അടുത്ത അഞ്ചു മാസത്തിനുള്ളിൽ 40,000 പട്ടയം നൽകാനാണ്‌ റവന്യൂവകുപ്പ്‌ ലക്ഷ്യമിടുന്നത്‌. ഈ സർക്കാരിന്റെ ആദ്യ വർഷംമാത്രം 54,535 പട്ടയം വിതരണം ചെയ്‌തിരുന്നു. ജില്ലാ , താലൂക്ക്‌ തലങ്ങളിൽ പ്രത്യേക യോഗങ്ങൾ ചേരും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ കോളനികളിലെ പട്ടയപ്രശ്‌നങ്ങൾ പരിഹരിക്കും. വ്യക്തികളും പഞ്ചായത്തുകളും സൗജന്യമായി നൽകിയ ഭൂമിയിൽ വീടുകൾ നിർമിച്ച്‌ നൽകിയിട്ടുണ്ടെങ്കിലും കോളനികളിൽ നിരവധി പേർക്ക്‌ പട്ടയമില്ല. ഈ പ്രശ്‌നങ്ങൾ പ്രത്യേകമായി കണ്ടെത്തി പരിഹരിച്ച്‌ പട്ടയം കൈമാറും.

ആദിവാസിമേഖലകളിലും വനമേഖലകളിലുമുള്ള പട്ടയവിതരണം പൂർത്തിയാക്കാൻ ഈ വർഷംതന്നെ നടപടിയെടുക്കും. വനംവകുപ്പുമായി ചേർന്ന്‌ നടപടി ക്രമം ഏകോപിപ്പിക്കും. ഓരോ വനപ്രദേശത്തും കൃത്യമായ ഡാറ്റ തയ്യാറാക്കി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കും. ലാൻഡ്‌ ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും. ഇത്തരത്തിൽ ഈ വർഷം ഒരു ലക്ഷത്തോളം പട്ടയം നൽകാനാകും.

പമ്പാവാലി, ഏഞ്ചൽ വാലി എന്നിവിടങ്ങളിലെ പട്ടയപ്രശ്‌നം ഉടൻ പരിഹരിക്കും. പമ്പാവാലിയിൽമാത്രം 1600 പട്ടയം ഉടൻ വിതരണം ചെയ്യും. ഭൂപതിവ്‌ നിയമത്തിലെ ചട്ടങ്ങളുടെ സാധ്യത പരിശോധിച്ചും ആവശ്യമെങ്കിൽ ഭേദഗതികൾ വരുത്തിയും അർഹതപ്പെട്ടവർക്ക്‌ പട്ടയം നൽകും.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *