സിനിമാ വകുപ്പ് നൽകില്ലെന്ന കാര്യം മന്ത്രിയായി സ്ഥാനമേൽക്കുന്ന ഗണേഷ്കുമാറിനെ മുഖ്യമന്ത്രി അറിയിച്ചു. ഗണേഷ് കുമാറിന് ഗതാഗത വകുപ്പ് മാത്രമാകും ലഭിക്കുന്നത്. ആന്റണി രാജു ഉപയോഗിച്ചിരുന്ന ഓഫിസും ഗണേഷ്കുമാറിന് നൽകും. കേരള കോൺഗ്രസ് (ബി) ഗണേഷ്കുമാറിന് സിനിമാ വകുപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. ഇതിനുള്ള മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്.
തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയായായിട്ടാണ് കടന്നപ്പള്ളി സ്ഥാനമേൽക്കുന്നത്. അഹമ്മദ് ദേവർകോവിലിന്റെ ഓഫീസാണ് കടന്നപ്പള്ളി രാമചന്ദ്രന് നൽകുന്നത്. കടന്നപ്പള്ളി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന ഓഫിസ് തന്നെയാണിത്.
വൈകിട്ട് 4 മണിക്ക് രാജ്ഭവനിലാണ് ഗണേഷ് കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്ഭവൻ വളപ്പിൽ പ്രത്യേകം തയാറാക്കിയ പന്തലിലാണ് ചടങ്ങുകൾ നടക്കുന്നത്.