Kerala

സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് : ആകെ സ്ഥാനാർത്ഥികൾ 194 പേർ, വനിതകൾ 25 മാത്രം; ഭീഷണിയായി അപരന്മാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതിന് പിന്നാലെ മത്സര ചിത്രം തെളിഞ്ഞു. കേരളത്തിലെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഇതിൽ കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ ഉള്ളത്, 14 പേർ. കുറവ് സ്ഥാനാർത്ഥികൾ ആവട്ടെ ആലത്തൂരിലും, 5 പേർ.

എന്നാൽ 194 മത്സരാർത്ഥികൾ ഉള്ള കേരളത്തിൽ വെറും 25 വനിതാ സ്ഥാനാർത്ഥികൾ മാത്രമാണ് ഇക്കുറി ജനവിധി തേടുന്നത് എന്നതാണ് ശ്രദ്ധേയം. വനിതാ സംവരണ ബിൽ അടക്കമുള്ള ചരിത്രപരമായ പ്രഖ്യാപനങ്ങൾ ദേശീയ തലത്തിൽ കൊണ്ട് വന്നിട്ടും കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും ഇതിനോട് പുറം തിരിഞ്ഞു നിൽക്കുന്നു എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് വടകര മണ്ഡലത്തിലാണ്. സിപിഎമ്മിന്റെ കരുത്തയായ സ്ഥാനാർത്ഥി കെകെ ശൈലജ അടക്കം നാല് വനിതകൾ മണ്ഡലത്തിൽ മാറ്റുരയ്ക്കുന്നു. സിപിഎമ്മിന് ശൈലജ ടീച്ചറെ കൂടാതെ എറണാകുളത്ത് കെജെ ഷൈനും വനിതാ സ്ഥാനാർത്ഥിയായുണ്ട്സിപിഐക്ക് വേണ്ടി വയനാട്ടിൽ ആനി രാജയാണ് രംഗത്തുള്ളത്. ഇതോടെ എൽഡിഎഫിന്റെ സ്ത്രീ പ്രാതിനിധ്യം 20ൽ മൂന്നാണ്.

എന്നാൽ കോൺഗ്രസ് ഇക്കുറി രംഗത്തിറക്കുന്നത് ആലത്തൂരിലെ രമ്യ ഹരിദാസിനെ മാത്രമാണ്. ബിജെപി ആവട്ടെ നാല് പേരെ കളത്തിൽ ഇറക്കുന്നു. ആലപ്പുഴയിൽ ശോഭാ സുരേന്ദ്രനും, കാസർഗോഡ് എംഎൽ അശ്വിനിയും പൊന്നാനിയിൽ നിവേദിതയും ആലത്തൂരിൽ ടിഎൻ സരസുവും ഇറങ്ങുന്നു.

അതേസമയം, ഇന്ന് സംസ്ഥാനത്താകെ പത്ത് പേരാണ് പത്രിക പിൻവലിച്ചത്. ഇതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാനാർത്ഥികൾക്ക് ചിഹ്നവും അനുവദിച്ചു നൽകിയിട്ടുണ്ട്. ബിജെപിയുടെയും കോൺഗ്രസിന്റെയും സിപിഎം, സിപിഐ പാർട്ടികളുടെയും ചിഹ്നങ്ങൾക്ക് ഉപരി മറ്റ് സ്വാതന്ത്രന്മാർക്കും ചിഹ്നം അനുവദിച്ചു കിട്ടി.

മറ്റെല്ലാ തിരഞ്ഞെടുപ്പ് കാലത്തെയും പോലെ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും തലവേദനയായി അപരന്മാർ ഒരുപാടുണ്ട് എന്നതാണ് ഇത്തവണത്തേയും സ്ഥിതി വിശേഷം. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ തന്നെയാണ് കൂടുതൽ അപരശല്യം രൂക്ഷം. വടകരയിൽ കെകെ ശൈലജയ്ക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും വീതം അപരന്മാർ ഉണ്ട്. ജില്ലയിലെ മറ്റൊരു മണ്ഡലമായ കോഴിക്കോട് സീറ്റിൽ എളമരം കരീമിനും എംകെ രാഘവനും മൂന്ന് വീതം അപരന്മാർ ഉണ്ട്. ഇത്തവണ നോട്ടയെക്കാൾ വോട്ട് അപരന്മാർ കൊണ്ട് പോവുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

മണ്ഡലങ്ങളും ആകെ സ്ഥാനാർത്ഥികളുടെ എണ്ണവും തിരുവനന്തപുരം- 12 ആറ്റിങ്ങൽ-7 കൊല്ലം-12 മാവേലിക്കര-9 പത്തനംതിട്ട-8 ആലപ്പുഴ-10 കോട്ടയം-14 ഇടുക്കി-7 എറണാകുളം-10 തൃശൂർ-9 ചാലക്കുടി-11 പാലക്കാട്-11 ആലത്തൂർ-5 മലപ്പുറം-8 പൊന്നാനി-8 കോഴിക്കോട്-13 വടകര-10 വയനാട്-9 കണ്ണൂർ-12 കാസർഗോഡ്-9

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *