KeralaNews

വര്‍ക്കല സ്റ്റേഷനിലെ നടപ്പാലം അടച്ചിട്ട്‌ 2 മാസം; ട്രെയിൻ യാത്രികര്‍ ദുരിതത്തില്‍.

വര്‍ക്കല : വര്‍ക്കല ശിവഗിരി റെയില്‍വേ സ്റ്റേഷനിലെ പ്രധാന നടപ്പാലം അടച്ചതോടെ യാത്രക്കാര്‍ ദുരിതത്തിൽ. നാലു മാസത്തിലേറെയായി അറ്റകുറ്റപ്പണിക്കായി അടയ്ക്കുന്നുവെന്നാണ്‌ റെയിൽവേ അധികൃതർ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ നാലിന് പുതിയ മേല്‍പ്പാലം തുറന്നതോടെയാണ് പഴയ മേല്‍പ്പാലം അടച്ചത്. സ്റ്റേഷന്റെ മധ്യഭാഗത്തായി ടിക്കറ്റ് കൗണ്ടറിനും സ്റ്റേഷന്‍ മാസ്റ്ററുടെ മുറിക്കും മധ്യേയായിരുന്നു പ്രധാന മേല്‍പ്പാലമുണ്ടായിരുന്നത്. നിലവിൽ പ്ലാറ്റ്‌ഫോം അവസാനിക്കുന്നിടത്താണ്‌ പുതിയ മേല്‍പ്പാലമുള്ളത്‌. പുതിയ നടപ്പാലം സ്റ്റേഷന്റെ അറ്റത്തായതിനാല്‍ ഏകദേശം 400 മീറ്ററോളം നടന്ന് വേണം രണ്ടാം പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കേണ്ടത്. എന്നാൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ നിന്നും അവസാന ഭാഗത്തെ കോച്ചുകളില്‍ കയറണമെങ്കില്‍ ഇതിന്റെ ഇരട്ടിയോളം ദൂരം പിറകോട്ട് വീണ്ടും നടക്കണം. ഇത് വയോധികർക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. ദീർഘദൂരയാത്രികർ പുതിയ നടപ്പാലം വഴി സ്റ്റേഷന് പുറത്തിറങ്ങാന്‍ ലഗേജുമായി വളരെദൂരം നടക്കേണ്ടിവരുന്നു. കോവിഡിന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടര്‍മാര്‍ ഇല്ലാത്തത് കാരണം ലഗേജുമായി എത്തുന്ന യാത്രക്കാരും ദുരിതം അനുഭവിക്കുന്നുണ്ട്‌. ടിക്കറ്റെടുത്ത് പെട്ടെന്ന് ട്രെയിനിൽ കയറാന്‍ റെയില്‍വേ ലൈന്‍ മറികടന്നാണ് അടുത്ത പ്ലാറ്റ്‌ഫോമിലെത്തുന്നത്. ഇത് അപകടങ്ങള്‍ വിളിച്ചുവരുത്തും. കാലപ്പഴക്കം കാരണം അപകടാവസ്ഥയിലായതിനാല്‍ പ്രധാന നടപ്പാലം പൊളിച്ച്‌ പുതിയത് നിര്‍മിക്കാനുള്ള അപേക്ഷ ഡിവിഷന്‍ ഓഫീസിലേക്ക് പോയിരിക്കുന്നെന്നാണ് അധികൃതര്‍ പറയുന്നത്. പ്രധാന നടപ്പാലം എത്രയും വേഗം പുതുക്കിപ്പണിയണമെന്നും ലിഫ്റ്റ്, എസ്‌കലേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും വര്‍ക്കല ശിവഗിരി റെയില്‍വേ വെല്‍ഫെയര്‍ അസോസിയേഷനും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും ആവശ്യപ്പെട്ടു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *