തിരുവനന്തപുരം: സമാധാനപരമായി പ്രതിഷേധിക്കുന്നവരെ വധശ്രമക്കേസിൽ കുടുക്കുന്ന പൊലീസ് നയമാണു കേരളത്തിൽ നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥ്. മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഇതു വ്യക്തമാക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കാൻ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ശബരീനാഥ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
മുഖ്യമന്ത്രിക്കെതിരേ പ്രതികരിച്ചാൽ വധശ്രമത്തിനു കേസെടുക്കും. കേരളം അങ്ങനെ മാറിയിരിക്കുന്നു. ഭീരുവിനെപ്പോലെയാണ് മുഖ്യമന്ത്രി പെരുമാറുന്നതെന്നും ശബരീനാഥ് ആരോപിച്ചു.
ഇന്നുച്ചയ്ക്ക് 12.30നാണ് ശബരീ നാഥിനെ അറസ്റ്റ് വിവരെ അറിയിച്ചത്. എന്നാൽ അതിനു മുൻപേ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നതിനു മുൻപ് തന്നെ അറസ്റ്റ് ചെയ്യാൻ രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു എന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു പ്രസിഡന്റ് ഷാഫി പറമ്പിൽ.