Kerala

മലയാളസിനിമാ ചരിത്രത്തിൽ 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’.

കൊച്ചി : മലയാളസിനിമാ ചരിത്രത്തിൽ 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യചിത്രമായി ‘മഞ്ഞുമ്മൽ ബോയ്സ്’. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച സിനിമ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ്‌ നിർമിച്ചത്‌. കഴിഞ്ഞയാഴ്ച 175 കോടി നേടി റെക്കോഡിട്ട സിനിമ 200 കോടി ക്ലബ്ബിൽ അംഗമായതിന്റെ വാർത്ത ചൊവ്വ വൈകിട്ടോടെയാണ്‌ സിനിമയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പേജുകളിൽ നിറഞ്ഞത്‌. ഫെബ്രുവരി 22ന് തിയറ്ററുകളിലെത്തിയ ചിത്രം 26 ദിവസംമാത്രം പിന്നിട്ടാണ്‌ മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി സിനിമയായി ചരിത്രം സൃഷ്‌ടിച്ചത്‌.

ഏറ്റവും കൂടുതൽ പണംവാരിയ ചിത്രമെന്ന കഴിഞ്ഞവർഷം റിലീസായ “2018” ആകെ 175 കോടിയാണ്‌ നേടിയത്‌. കേരളത്തിനുപുറത്തും വൻ ജനപ്രീതി നേടിയാണ്‌ മഞ്ഞുമ്മൽ ബോയ്‌സ്‌ നേട്ടം കൊയ്‌തത്‌. കേരളത്തിൽനിന്ന്‌ നേടിയ 60 കോടിയോളം കലക്‌ഷൻ തമിഴ്‌നാട്ടിൽനിന്നും മഞ്ഞുമ്മൽ ബോയ്‌സ്‌ സമാഹരിച്ചു. ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ അന്യഭാഷാ ചിത്രവുമായി. കർണാടകത്തിൽനിന്ന്‌ 10 കോടിയിലേറെ നേടി. വിദേശങ്ങളിൽ എറ്റവും കൂടുതൽ കലക്‌ഷൻ നേടിയ ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. 12 കോടിയോളമാണ്‌ നേടിയത്‌.

കൊടൈക്കാനലിലേക്ക്‌ വിനോദയാത്ര പോകുന്ന സുഹൃത്‌സംഘത്തിലെ ഒരാൾ ഗുണാ കേവിൽ വീഴുന്നതും തുടർന്നുള്ള രക്ഷാപ്രവർത്തനവുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. യഥാർഥസംഭവമാണ്‌ സിനിമയാക്കിയത്‌. 20 കോടിയാണ്‌ നിർമാണച്ചെലവ്‌.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *