KeralaNews

മന്ത്രി ആന്റണി രാജുവിനെതിരായ കേസ്: വിചാരണ ഈ മാസം നാലിന് തുടങ്ങും

തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തെളിവു നശിപ്പിക്കൽ കേസിൽ നാലാം തീയതി വിചാരണ തുടങ്ങും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്നു സാക്ഷികളെ അന്നു വിസ്തരിക്കും. കേസിൽ ആകെ 29 സാക്ഷികളാണുള്ളത്. സിആർപിസി 308 അനുസരിച്ച് കേസില്‍ ദിവസേന വിചാരണ നടക്കും.
വിദേശപൗരൻ ആൻഡ്രൂ സാൽവദോർ സാർവലി പ്രതിയായ ലഹരിമരുന്നു കേസിലെ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്. അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയതായി ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാർക്ക് ജോസിനുമെതിരെ കേസെടുത്തത്. 2014ലാണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയ്ക്കു മുന്നിലെത്തുന്നത്. എന്നാൽ, വിചാരണ അനന്തമായി നീണ്ടു.
സിആർപിസി 273 അനുസരിച്ച് പ്രതിയായ ആന്റണി രാജുവിന്റെ സാന്നിധ്യത്തിലായിരിക്കണം വിചാരണ. സിആർപിസി 205, 317 അനുസരിച്ച് മതിയായ കാരണം പ്രതിക്കു ബോധ്യപ്പെടുത്താനായാൽ നേരിട്ട് ഹാജരാകുന്നതിൽനിന്നു കോടതിക്ക് ഇളവു നൽകാം. സ്ഥിരമായി ഇളവു നൽകുന്നത് കോടതിയുടെ വിവേചനാധികാരമാണ്. ഇതിനായി കോടതിയിൽ അപേക്ഷ നൽകി വാദം പൂർത്തിയാക്കി കോടതിയെടുക്കുന്ന തീരുമാനം നിർണായകമാണ്. കേസിന്റെ വിചാരണ നീണ്ടുപോയതിനു ഹൈക്കോടതി മജിസ്ട്രേറ്റ് കോടതിയോട് വിശദീകരണം തേടിയിരുന്നു. സിആർപിസി 479 അനുസരിച്ച് ഹൈക്കോടതിക്ക് മജിസ്ട്രേറ്റ് കോടതിയുടെമേൽ നിരീക്ഷണാധികാരം ഉണ്ട്.
1990 ഏപ്രിൽ നാലിനാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹഷീഷുമായി ഓസ്ട്രേലിയക്കാരനായ ആൻഡ്രൂ സാൽവദോർ സാർവലിയെ വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തത്. ആന്റണി രാജു തിരുവനന്തപുരം ബാറിൽ ജൂനിയർ അഭിഭാഷകനായിരുന്നു. ആന്റണി രാജുവിന്റെ സീനിയറാണ് വക്കാലത്ത് എടുത്തത്. സെഷൻസ് കോടതിയിൽ തോറ്റെങ്കിലും കേസിലെ പ്രധാന തൊണ്ടിമുതലായ ഉൾവസ്ത്രം പ്രതിയുടേത് അല്ലെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേ വിട്ടു. ഉൾവസ്ത്രം ചെറുതായിരുന്നു. കേസിൽ കൃത്രിമം നടന്നെന്നു കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ പരാതി നൽകിയതിനെ തുടർന്ന് കോടതി അന്വേഷണത്തിനു നിർദേശം നൽകി.
2006ൽ കോടതിയിൽ കുറ്റപത്രം നല്‍കി. 2014ൽ കേസ് നെടുമങ്ങാട് കോടതിക്കു കൈമാറി. കോടതിയിൽനിന്നു തൊണ്ടിമുതൽ വാങ്ങിയതും മടക്കി നൽകിയതും ആന്റണി രാജുവായിരുന്നു.FacebookTwitterEmailWhatsAppCopy Link

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *