തിരുവനന്തപുരം: ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ മുൻ മന്ത്രി സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട കീഴ്വായൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കോടതി നിർദേശപ്രകാരമാണ് മുൻ മന്ത്രിയും എംഎൽഎയുമായ സജി ചെറിയാനെതിരെ പോലീസ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ദേശാഭിമാനത്തെ വ്രണപ്പെടുത്തിയെന്ന വകുപ്പാണ് സജി ചെറിയാനെതിരെ ചുമത്തിയിരിക്കുന്നത്.
ഭരണഘടനയെ ആക്ഷേപിച്ച് സംസാരിക്കുമ്പോൾ വേദിയിൽ ഉണ്ടായിരുന്ന മാത്യു ടി തോമസ്, പ്രമോദ് നാരായണൻ എന്നിവരുടെ മൊഴി രേഖപ്പെടുത്തും. ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ച സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ അഭിഭാഷകൻ ഇന്നലെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് മന്ത്രി ഭരണഘടനയിൽ അവിശ്വാസം പ്രകടിപ്പിച്ച് പ്രസംഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് എഴുതി വച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തിൽ പറയുന്നത്.