കോഴിക്കോട് : പ്രശസ്ത ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായിരുന്ന പി വി ഗംഗാധരൻ (80) അന്തരിച്ചു. ഇന്ന് രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. അസുഖബാധിതനായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടറായിരുന്നു.
1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് ചലച്ചിത്രനിർമാണരംഗത്തേക്കെത്തിയത്. ഒരു വടക്കന്‍ വീരഗാഥ, അങ്ങാടി,അഹിംസ, അദ്വൈതം, ഏകലവ്യന്,കാണാക്കിനാവ് , അച്ചുവിന്റെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, നോട്ട്ബുക്ക് തുടങ്ങിയവ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അദ്ദേഹം നിര്‍മ്മിച്ച ചലച്ചിത്രങ്ങളാണ്.
ഫിയാഫിന്റെ വൈസ് പ്രസിഡന്റായും കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകൻ പി വി സാമിയുടേയും മാധവി സാമിയുടേയും മകനായി 1943-ൽ കോഴിക്കോടായിരുന്നു ജനനം. മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രൻ മൂത്ത സഹോദരനാണ്. ഭാര്യ പി വി ഷെറിൻ. ചലച്ചിത്ര നിർമാണക്കമ്പനി എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ മക്കളാണ്.