ന്യൂഡൽഹി: ചില പശ്ചിമേഷ്യൻ രാജ്യങ്ങളുടെ വ്യോമപാതയിൽ യാത്രാ വിമാനങ്ങൾ വ്യാജ റഡാർ സിഗ്നലുകൾ (റഡാർ സ്പൂഫിങ്) സ്വീകരിച്ച് വഴിതെറ്റുന്ന ഗുരുതര സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിമാന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ (ഡിജിസിഎ). ഇറാൻ–-ഇറാഖ് വ്യോമപരിധിക്കടുത്ത് ഇന്ത്യൻ വിമാനങ്ങൾ ഗതിനിർണയം അസാധ്യമാക്കുന്ന നിലയിൽ റഡാർ സ്പൂഫിങ്ങിന് ഇരയായി. ഒരു വിമാനം അനുവാദമില്ലാതെ ഇറാൻ വ്യോമമേഖലയിൽ കടന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് ഡിജിസിഎയുടെ അടിയന്തര മുന്നറിയിപ്പ്. സെപ്തംബർ അവസാനമാണ് വ്യാപകമായി റഡാർ സ്പൂഫിങ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പൈലറ്റിന് വ്യോമാപാത നിർണയിക്കാനാകാതെ വരുന്നത് അപകടത്തിനിടയാക്കാം . വിമാനം പറക്കുന്നത് നിശ്ചിത പാതയ്ക്ക് പുറത്താണെന്ന വ്യാജ സന്ദേശം സ്വീകരിക്കുന്നതോടെയാണ് റഡാർ സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടമാകുന്നത്. അസൈർബൈജാനിലും യൂറേഷ്യൻ രാജ്യമായ തുർക്കിയൻ പാതയിലും സ്പൂഫിങ് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം, ആരാണ് ഇതിനുപിന്നിലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പ്രാദേശിക സംഘർഷം നിലനിൽക്കുന്ന മേഖലയായതിനാൽ ശക്തിയേറിയ സൈനിക റഡാറുകളുടെയും ഇലക്ട്രോണിക് യുദ്ധ സന്നാഹങ്ങളുടെയും സാന്നിധ്യമുണ്ട്. ഇവയുടെ സിഗ്നലുകളാണെന്നും അനുമാനമുണ്ട്.