കൊച്ചി : കലൂരിൽ അടച്ചുപൂട്ടിയ പപ്പടവട റസ്‌റ്റോറന്റ് പങ്കാളി പനമ്പള്ളിനഗർ പുത്തൻമഠത്തിൽ എൽഐജി 767ൽ അമൽനായർ (38) ലഹരിമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവിൽനിന്നാണ്. ശനി രാത്രിയാണ് എറണാകുളം സൗത്ത് പൊലീസ് അമലിനെ അറസ്‌റ്റ് ചെയ്‌തത്. പ്രതിയുടെ കസ്റ്റഡി അപേക്ഷ തിങ്കളാഴ്‌ച നൽകും. ഇയാളെ ചോദ്യംചെയ്‌തശേഷം ബംഗളൂരുവിലേക്ക് കൊണ്ടുപോകും. കഴിഞ്ഞവർഷം ലഹരിക്കേസിൽ അറസ്‌റ്റിലായ അമലിന് അന്ന് മയക്കുമരുന്ന് നൽകിയിരുന്നത് ബംഗളൂരുവിലുള്ള ആഫ്രിക്കൻ വംശജനാണ്. ഈ കേസിലും ആഫ്രിക്കൻ വംശജന് പങ്കുള്ളതായാണ് സൂചന.
രവിപുരം ശ്‌മശാനത്തിനുസമീപം കാറിലെത്തി ലഹരിമരുന്ന് വിൽപ്പന നടത്തുന്നതിനിടെയാണ് 14.75 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. പനമ്പിള്ളിനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് തൂക്കാനുള്ള ഡിജിറ്റൽ ത്രാസ്, പൊതിയാനുള്ള പ്ലാസ്റ്റിക് കവറുകൾ, 3.75 ലക്ഷം രൂപ എന്നിവ കണ്ടെടുത്തിരുന്നു. കേസിൽ കൂട്ടുപ്രതികൾ ഉണ്ടോയെന്നും അന്വേഷിക്കുന്നു.