Kerala

തൃശൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൃശൂർ: തൃശൂർ ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പന്നികളെ കള്ളിങ്ങിന് വിധേയമാക്കും. പന്നിപ്പനി സ്ഥിരീകരിച്ച കട്ടിലപൂവ്വം, മാടക്കത്തറ എന്നിവിടങ്ങളിലാണ് പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദ്ദേശം നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഇന്ന് രാവിലെ മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന 2 ആർ.ആർ.ടി സംഘം കള്ളിങ് പ്രക്രിയ ആരംഭിച്ചു. തുടർന്ന് പ്രാഥമിക അണുനശീകരണ നടപടികൾ കൂടി സ്വീകരിക്കും.

കള്ളിങ് നടത്തിയ ഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് ജില്ലാ കോഡിനേറ്റർ ഡോ. ജി ദിനേശ് പറഞ്ഞു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാംസം വിതരണം ചെയ്യൽ, ഇത്തരം കടകളുടെ പ്രവർത്തനം, പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്ന് രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ നിർത്തിവയ്ക്കാനും നിർദ്ദേശം കളക്ടർ നൽകിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ച പന്നിഫാമിൽ നിന്നും മറ്റു ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസത്തിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോയെന്ന് അന്വേഷിക്കും. തൃശൂരിലേക്കോ ജില്ലയിൽ നിന്ന് പുറത്തേക്കോ പന്നിമാംസവും പന്നികളെയും അനധികൃതമായി കടത്തുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ചെക്ക് പോസ്റ്റുകളിലും ജില്ലയിലെ മറ്റു പ്രവേശന മാർഗങ്ങളിലും പോലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തുന്നുണ്ട്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *