തൃശൂർ : ശക്തൻ നഗറിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഒഴിവാക്കാൻ കോർപറേഷൻ നിർമിച്ച ആകാശനടപ്പാലം തുറക്കുകയായി. നഗര ഗതാഗതമേഖലയിൽ നടപ്പാക്കിയ മാതൃകാപ്രവൃത്തിക്ക് ഹഡ്കോയുടെ ദേശീയ അംഗീകാര തിളക്കവുമായണ് പാത ജനങ്ങൾക്കായി തുറക്കുന്നത്. പാതയിലെ വെളിച്ച സംവിധാനങ്ങൾക്കും ലിഫ്റ്റിനുമായി വൈദ്യുതിക്കായി 50 കിലോവാട്ടിന്റെ സൗരോർജ ഉൽപാദനപ്ലാന്റുൾപ്പടെയാണ് സജ്ജമാക്കിയത്. അടുത്ത ഘട്ടത്തിൽ ചുറ്റും ഗ്ലാസ് ഇട്ട് പാതയുടെ ഉൾവശം എയർ കണ്ടീഷനാക്കും. ശക്തൻ ബസ് സ്റ്റാൻഡിൽ 5.50 കോടി ചെലവിൽ വൃത്താകൃതിയിലാണ് ആകാശമേൽപ്പാലം നിർമിച്ചത്. കേന്ദ്രസർക്കാരിന്റെ അംഗീകൃത ഏജൻസിയായ കിറ്റ്കോയാണ് മാതൃക തയ്യാറാക്കിയത്. നാല് ഭാഗങ്ങളിൽ നിന്നും കയറാവുന്ന വിധം ചവിട്ടുപടികൾ പൂർത്തിയായി. റോഡിൽ നിന്ന് ആറുമീറ്റർ ഉയരത്തിലാണ് പാലം. അതിനാൽ വാഹനങ്ങൾക്കും തടസമില്ലാതെ കടന്നുപോവാം. മൂന്നുമീറ്റർ വീതിയിലാണ് നടപ്പാലം. 280 മീറ്ററാണ് ചുറ്റളവ്. നടപ്പാലത്തിനു ചുറ്റും മുകളിലും സ്റ്റീൽ കവചമുണ്ട്. രണ്ടാംഘട്ടമായി 2.55 കോടി ചെലവിൽ നാല് ലിഫ്റ്റുകളും ഇലക്ട്രിക്കൽ കെട്ടിടവും സെക്യൂരിറ്റി റൂമും നിർമിക്കാനാണ് പദ്ധതി. ഇതിൽ രണ്ട് ലിഫ്റ്റുകൾ കൂടി സ്ഥാപിക്കാനുണ്ട്. വൈദ്യുതി കണക്ഷൻ ലഭിച്ചു. ട്രയൽ റൺ നടത്തി. നടപ്പാതക്കുമുകളിലെ ഷീറ്റിനു മുകളിലാണ് സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ചത്. അതുവഴി ആകാശപാതക്ക് ആവശ്യമായ വൈദ്യുതി ലഭിക്കും. അധികവൈദ്യുതി കോർപറേഷനിൽ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. പാതക്കു ചുറ്റും ഗ്ലാസിട്ട് ഉള്ളിൽ എയർകണ്ടീഷൻ ചെയ്യാനും പദ്ധതിയുണ്ടെന്ന് മേയർ എം കെ വർഗീസ് പറഞ്ഞു. ഇതിന്റെ അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. മേൽപാലം ഉടൻ ജനങ്ങൾക്കായി സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തിൽ സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശക്തൻ സ്റ്റാൻഡിൽ റോഡ് കുറുകെ കടക്കുന്നതിനിടെ നിരവധി അപകടങ്ങളും മരണങ്ങളും സംഭവിക്കാറുണ്ട്. ഇത് ഒഴിവാക്കാനാണ് കോർപറേഷനിലെ എൽഡിഎഫ് ഭരണസമിതി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മേൽനടപ്പാലം നിർമിച്ചത്.