ഇടുക്കി: ചെമ്മീൻ കഴിച്ചതിനെ തുടർന്ന് ഉണ്ടായ അലർജിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. പാലക്കാട് സ്വദേശി നിഖിത ( 20) ആണ് മരിച്ചത്. ഏപ്രിൽ 6 ന് ആണ് ചെമ്മീൻ കറി കഴിച്ച് ശരീരമാകെ ചൊറിഞ്ഞ് തടിച്ച നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് മരിച്ചത്. ഞായറാഴ്ചയാണ് നിഖിത ഭക്ഷണത്തിനൊപ്പം കൊഞ്ച് കറി കഴിച്ചത്.
കൊഞ്ച് കഴിച്ചതിന് പിന്നാലെ നിഖിതയുടെ ദേഹത്ത് അലർജി ഉണ്ടായി. അലർജി വഷളായതോടെ അത് ന്യുമോണിയയിലേയ്ക്ക് വഴിമാറുകയായിരുന്നു. ഉച്ചഭക്ഷണത്തിനൊപ്പം കൊഞ്ച് കഴിച്ചതിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. കഴുത്തിന് നീരുവെച്ച് ശ്വാസ തടസമുണ്ടായി. ഇതോടെ രക്തസമ്മർദ്ദം താഴ്ന്നു. ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് നിഖിതയെ മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11 മണിയോടെ നിഖിത മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഓപ്റ്റോമെസ്ട്രിസ്റ്റായിരുന്നു നിഖിത.
നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് ഇതിന് മുൻപും ഇത്തരത്തിൽ അലർജി ഉണ്ടായതായാണ് വിവരം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമെ മരണ കാരണം വ്യക്തമാകൂ എന്ന് ഡോക്ടർ അറിയിച്ചതായി പോലീസ് പറഞ്ഞു.