പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറയിൽ കടുവ ഇറങ്ങി കറവ പശുവിനെ കൊന്നു. ഈറ നിൽക്കുന്നതിൽ അച്ചുതൻ്റെ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച്ച പകൽ 11ന് ആയിരുന്നു സംഭവം. വീടിനു സമീപമുള്ള തോട്ടിൽ പശുവിനെ കുളിപ്പിച്ചതിനു ശേഷം തോടിൻ്റെ കരയിൽ കെട്ടിയിട്ടിരുന്ന പശുവിനെയാണ് കടുവ പിടിച്ചത്. പശുവിനെ വളർത്തി ഉപജീവനം നടത്തുന്ന കുടുംബമാണ് ഇവരുടേത്.
ഈ സമയം പശുകിടാവിനെ കുളിപ്പിച്ച്കൊണ്ട് 10 മീറ്റർ അകലെ അച്ചുതനും തുണി അലക്കിക്കൊണ്ട് ഭാര്യ ഉഷയും ഉണ്ടായിരുന്നു. കടുവയെ കണ്ട് നിലവിളിച്ച് ഓടിയ ഇവർ സമീപത്തെ വീട്ടിൽ അഭയം തേടി. ബഹളം കേട്ട് സംഭവസ്ഥലത്തേക്ക് പ്രദേശവാസികൾ എത്തിയപ്പോഴും കടുവ പശുവിൻ്റെ മുകളിലുണ്ടായിരുന്നു. നാട്ടുകാർ ബഹളം വച്ചതിനേ തുടർന്നാണ് കടുവ കാട്ടിലേക്ക് ഓടി മറഞ്ഞു. വിവരമറിഞ്ഞ് എംഎൽഎ അഡ്വ.കെ യു ജനിഷ് കുമാർ സംഭവസ്ഥലത്ത് എത്തി. കടുവയെ പിടി കുടുവാൻ റാന്നി ഡിഎഫ്ഒ , വനം മന്ത്രി എന്നിവരുമായി ചർച്ച നടത്തി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
അതേസമയം സംഭവസ്ഥലത്ത് സായുധരായ വനപാലക സംഘം പകലും രാത്രിയിലും പെട്രോളിംഗ് ശംക്തമാക്കി ജനജീവിതം സുരക്ഷിതമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ജനവാസ മേഖലയായ ഇവിടെ ആദ്യമായാണ് കടുവയുടെ സാന്നിദ്ധ്യം കണ്ടത്. മുൻപ് ഇവിടെ പുലിയിറങ്ങി പട്ടികളെ പിടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.