തിരുവനന്തപുരം: രാജ്ഭവനിലെ നിയമനങ്ങളിൽ ഇടപെടാറില്ലെന്ന ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ വാദം വസ്തുതാവിരുദ്ധം. താൽക്കാലിക ജീവനക്കാരനെ സ്ഥിരപ്പെടുത്താൻ മുഖ്യമന്ത്രിക്ക് നേരിട്ട് കത്തുനൽകിയ വിവരം വെളിച്ചത്തായി. രാജ്ഭവനിലെ താൽക്കാലിക ഫോട്ടോഗ്രാഫറെ സൈഫർ അസിസ്റ്റന്റാക്കണമെന്ന് ആവശ്യപ്പെട്ട് 2020 ഡിസംബർ 29നാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. അത്തരമൊരു തസ്തിക രാജ്ഭവനിൽ ഇല്ലാത്തതിനാൽ ഫോട്ടോഗ്രാഫർ തസ്തികയിലാണ് നിയമിച്ചത്. മറ്റു നിയമനങ്ങൾക്കെല്ലാം സർക്കാരിന് കത്ത് നൽകിയത് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഗവർണർ അറിയാതെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് നൽകാനിടയില്ല.പ്രമുഖ ആർഎസ്എസ് നേതാവ് ഹരി എസ് കർത്തയെ കോ ടെർമിനസ് വ്യവസ്ഥയിലാണ് ഗവർണർ രാജ്ഭവനിലെത്തിച്ചത്. ഇങ്ങനെ ആറു പേരെയാണ് നിയമിച്ചത്. കുടുംബശ്രീയുടെ പേരിൽ 24 ആർഎസ്എസുകാരെ നിയമിക്കാനുള്ള നീക്കം സർക്കാർ അനുവദിച്ചില്ല. രാജ്ഭവനിൽ ആകെയുള്ള 165 പേരിൽ ചുരുക്കം ചിലർ മാത്രമാണ് ഡെപ്യൂട്ടേഷനിലുള്ളവർ. മറ്റുള്ളവരെ നേരിട്ടാണ് നിയമിച്ചത്. പല നിയമനങ്ങൾക്കും ആനുകൂല്യങ്ങൾക്കുമായി ഗവർണർ സർക്കാരിനുമേൽ നിരന്തരം സമ്മർദം ചെലുത്തിയിട്ടുണ്ട്.