KeralaNews

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ കരിങ്കൊടി പ്രതിഷേധം: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ എസ്എഫ്‌ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.  കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് നിര്‍ദേശം.  ഗവർണറുടെ സുരക്ഷാ വീഴ്ച്ചയില്‍ ഡിസിപി അന്വേഷണം നടത്തും. ഗവര്‍ണറുടെ വഴി തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തിരുവനന്തപുരം സിറ്റിയില്‍ നാല് കേസുകളാണ് നിലവിൽ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കന്റോണ്‍മെന്റ് സ്റ്റേഷനില്‍ രണ്ട്, പേട്ട, വഞ്ചിയൂര്‍ എന്നീ സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് ഇതില്‍ രണ്ട് കേസുകള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 19 പേരെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ 12 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

സര്‍വ്വകലാശാല കാവിവല്‍ക്കരിക്കുന്നു എന്നാരോപിച്ചായിരുന്നു ഗവര്‍ണര്‍ക്കെതിരായ എസ്എഫ്ഐ പ്രതിഷേധം.ഗവര്‍ണര്‍ക്കെതിരെ സമരം കടുപ്പിക്കാനാണ് എസ്എഫ്ഐയുടെ  തീരുമാനം. സെനറ്റ് നോമിനേഷനിലെ ഗവര്‍ണറുടെ ഇടപെടലുകളെ ചോദ്യം ചെയ്തുള്ള സമരം തുടരുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ അറിയിച്ചു. ഇത് എസ്എഫ്ഐ പ്രഖ്യാപിച്ചിരിക്കുന്ന സമരമാണെന്നും സ്വന്തമായി മേല്‍വിലാസമുള്ള സംഘടനയാണ് എസ്എഫ്ഐ എന്നും ആര്‍ഷോ വ്യക്തമാക്കിയിരുന്നു.

ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍, നിയമ വിരുദ്ധമായി സംഘം ചേരല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തലസ്ഥാനത്ത് മൂന്നിടങ്ങളിലാണ് എസ്എഫ്‌ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *