KeralaNews

കേരളത്തെ മുക്കിയ മഹാപ്രളയത്തിലെ ദുരിതാനുഭവങ്ങൾക്ക്‌ അഞ്ചുവയസ്സ്‌ തികയുന്നു.

കൊച്ചി: കേരളത്തെ മുക്കിയ മഹാപ്രളയത്തിലെ ദുരിതാനുഭവങ്ങൾക്ക്‌ അഞ്ചുവയസ്സ്‌ തികയുന്നു. 2018 ആഗസ്‌ത്‌ 14, 15, 16 തീയതികളിൽ തോരാതെ പെയ്‌ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമാണ്‌ നൂറ്റാണ്ടിലെ പ്രളയത്തിന്‌ വഴിതുറന്നത്‌. പെരിയാറും മൂവാറ്റുപുഴയാറും ചാലക്കുടിപ്പുഴയും കൈവഴി ജലാശയങ്ങളും കവിഞ്ഞതോടെ  ജില്ലയിലെ മുഴുവൻ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കിടപ്പാടങ്ങളും കൃഷിയിടങ്ങളും മുങ്ങി. വൈദ്യുതിയും വാഹനഗതാഗതവും കുടിവെള്ളവിതരണവും നിലച്ചു. മെയ്‌ 29ന്‌ തുടങ്ങി ആഗസ്‌ത്‌ 31 വരെ നീണ്ട 2018ലെ മൺസൂണിന്റെ മൂന്നാംപാദത്തിലായിരുന്നു മധ്യകേരളത്തെ പ്രളയത്തിൽ മുക്കിയ അതിതീവ്ര മഴ. ആദ്യ രണ്ടുപാദങ്ങളിലും ഇടവിട്ട്‌ ശക്തമായ മഴയുണ്ടായെങ്കിലും കനത്ത നാശമുണ്ടായില്ല. ജൂലൈ രണ്ടാംവാരംമുതൽ പെരിയാറിലെ ജലനിരപ്പ്‌ ഉയരാൻ തുടങ്ങിയിരുന്നു. തീരങ്ങളിൽ ജാഗ്രത പ്രഖ്യാപിച്ചതോടൊപ്പം എമർജൻസി ഓപ്പറേഷൻ സംഘത്തെയും നിയോഗിച്ചു. ആഗസ്‌ത്‌ ആദ്യവാരംമുതൽ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടങ്ങി. എട്ടോടെ ജില്ലയിലും അതിതീവ്ര മഴ. പെരിയാർ ജലനിരപ്പ്‌ ക്രമാതീതമായി ഉയരാൻ തുടങ്ങിയത്‌ ആശങ്കയായി. 10ന്‌ നെടുമ്പാശേരി വിമാനത്താവളം അടച്ചു. കിഴക്കൻ പ്രദേശങ്ങളും പെരിയാർ കരയിലെ പ്രദേശങ്ങളും മുങ്ങി. എന്നാൽ, അടുത്തദിവസങ്ങളിൽ മഴ ശമിച്ചത്‌ അൽപ്പം ആശ്വാസമായി. ഇക്കാലത്ത്‌ 14 ദുരിതാശ്വാസക്യാമ്പുകൾമാത്രമാണ്‌ ഉണ്ടായിരുന്നത്‌. ജില്ലയിൽ 86 ഹെക്‌ടറിലായിരുന്നു കൃഷിനാശം. പതിനാലിന്‌ വീണ്ടും മഴ കനത്തു. 15ന്‌ പെരിയാറും മൂവാറ്റുപുഴയാറും ചാലക്കുടിയാറും പിറവം പുഴയും കവിഞ്ഞു.  പെരുമ്പാവൂർ, കാലടി, ആലുവ പ്രദേശങ്ങളും കിഴക്കൻ മേഖലയും മുങ്ങി. ആലുവ മാർത്താണ്ഡവർമ പാലത്തിന്റെ അടിതൊട്ടൊഴുകിയ പെരിയാർ ദേശീയപാതയെയും മുക്കി. പതിനേഴോടെ മഴ നിലച്ചെങ്കിലും ജലാശയങ്ങളിൽ ജലനിരപ്പ്‌ താഴ്‌ന്നില്ല. ആളുകൾ വീടുകളിലേക്ക്‌ മടങ്ങിത്തുടങ്ങി. ഈ ദിവസങ്ങളിൽ ജില്ലയിൽ 850 ക്യാമ്പുകളാണ്‌ പ്രവർത്തിച്ചത്‌. അഭയംതേടിയത്‌ 5,32,515 പേർ.  പ്രളയദുരന്തങ്ങളിൽ ജീവൻ നഷ്‌ടമായത്‌ 32 പേർക്ക്‌. 2445 വീടുകൾ പൂർണമായും 97,471 വീടുകൾ ഭാഗികമായും തകർന്നു. 1296. 66 ഹെക്‌ടറിലായി 37.2 കോടി രൂപയുടെ കൃഷിനാശവും റിപ്പോർട്ട്‌ ചെയ്‌തു. കൈമെയ്‌ മറന്ന്‌ നാടാകെ രക്ഷാപ്രവർത്തനത്തിന്‌ ഇറങ്ങിയതോടെ ദുരിതാശ്വാസക്യാമ്പുകൾ സുരക്ഷിതതാവളങ്ങളായി. പ്രളയകാലത്തിന്‌ അഞ്ചുവയസ്സാകുമ്പോൾ കടന്നുപോയത്‌ മഴ മാറിനിന്ന കർക്കടകം. വരൾച്ചയുടെ സൂചന നൽകി ഇന്ന്‌ ചിങ്ങപ്പിറവി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *