പാലക്കാട്: കേരളത്തിൽ വരും വർഷങ്ങളിലും ഉഷ്ണതരംഗം ആവർത്തിക്കുമെന്ന് വിദഗ്ധർ. എന്നാൽ, എൽനിനോയ്ക്കുപകരം ലാ നിന പ്രതിഭാസമാണ് അടുത്ത വർഷം ഉണ്ടാകുകയെന്നതിനാൽ വേനലിൽ അൽപ്പം ആശ്വാസം ലഭിച്ചേക്കാമെന്നും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. എം ജി മനോജ് പറഞ്ഞു. ഈ വർഷം ശക്തിയേറിയ എൽനിനോയാണ് കടുത്ത ഉഷ്ണതരംഗത്തിനുകാരണം. എൽനിനോ ഉണ്ടാകുമ്പോൾ രണ്ടുമുതൽ അഞ്ച് ഡിഗ്രിവരെ പസഫിക് സമുദ്രത്തിൽ ചൂട് വർധിക്കും. ഈ ചൂടിന്റെ ഒരുഭാഗം അന്തരീക്ഷത്തിലേക്കും വ്യാപിച്ച് മർദ്ദവ്യതിയാനമുണ്ടാക്കുകയും ആഗോളവ്യാപകമായി കാറ്റിന്റെ ഗതിയെയും വേഗതയെയും സ്വാധീനിച്ച് കാലാവസ്ഥയിൽ മാറ്റമുണ്ടാക്കുകയും ചെയ്യും.