തിരുവനന്തപുരം:കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ അധ്യാപക ക്ഷാമം അതിരൂക്ഷം. പ്രൈമറി വിഭാഗങ്ങളിൽ പകുതിയിലധികം തസ്തികകളും ഒഴിവാണ്.
രാജ്യത്താകെ ഒഴിവുള്ള 12,099 തസ്തികയിലേക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിയമന നടപടി ആരംഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്രീകൃത നിയമനരീതി തുടരുന്നതിനാൽ കേരളം, കർണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യാപക ക്ഷാമത്തിന് പരിഹാരമുണ്ടാകില്ല.
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ പ്രാദേശിക റിക്രൂട്ട്മെന്റിനെ പ്രോത്സാഹിപ്പിക്കണമെന്നുണ്ടെങ്കിലും പ്രവൃത്തിയിൽ നേരെ മറിച്ചാണ്. കേന്ദ്രീയ വിദ്യാലയങ്ങളിൽ ഇത്തവണയും കേന്ദ്രീകൃത റിക്രൂട്ട്മെന്റാണ്. കഴിഞ്ഞ തവണ റിക്രൂട്ട്മെന്റ് കഴിഞ്ഞപ്പോൾ തെക്കൻ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ നിയമനം ലഭിച്ചവരിൽ മഹാഭൂരിപക്ഷവും രാജസ്ഥാൻ, ഡൽഹി, യുപി തുടങ്ങിയ വടക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരായിരുന്നു.