- സംസ്ഥാന പോലീസ് വിഭാഗത്തിൽ കേരളം
- മീറ്റിലെ താരങ്ങൾ സജൻ പ്രകാശ്, ജോമി ജോർജ്ജ്, റിച്ച മിശ്ര
തിരുവനന്തപുരം: ഓൾ ഇന്ത്യ പൊലീസ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 315 പോയിൻറ് നേടി ബി.എസ്.എഫ് ഓവറോൾ ചാമ്പ്യൻമാരായി. സംസ്ഥാന പോലീസ് വിഭാഗത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ചാമ്പ്യൻമാരായത് കേരളമാണ്. പുരുഷ വിഭാഗത്തിൽ 125 പോയിൻറും വനിതാ വിഭാഗത്തിൽ 100 പോയിൻറും കേരളാ പൊലീസിന് ലഭിച്ചു.
പുരുഷൻമാരുടെ വിഭാഗത്തിൽ ഏറ്റവും മികച്ച നീന്തൽ താരമായത് സജൻ പ്രകാശ് (35 പോയിൻറ്) ആണ്. വനിത വിഭാഗത്തിലെ മികച്ച നീന്തൽതാരമെന്ന പദവി 35 പോയിൻറ് വീതം നേടിയ സി.ആർ.പി.എഫിലെ റിച്ചാ മിശ്രയും കേരളാ പൊലീസിലെ ജോമി ജോർജ്ജും പങ്കിട്ടു.
മത്സരിച്ച എല്ലാ വ്യക്തിഗത ഇനങ്ങളിലും സ്വർണമെഡൽ എന്ന അപൂർവ്വ നേട്ടമാണ് സജൻപ്രകാശ്, റിച്ചാ മിശ്ര, ജോമി ജോർജ്ജ് എന്നിവർ കൈവരിച്ചത്. സജൻ പ്രകാശിന് അഞ്ച് വ്യക്തിഗത സ്വർണ്ണവും ടീം ഇനങ്ങളിൽ മൂന്ന് സ്വർണ്ണവും ഒരു വെങ്കലവും ലഭിച്ചു. ജോമി ജോർജ്ജിന് അഞ്ച് വ്യക്തിഗത സ്വർണ്ണവും ടീം ഇനങ്ങളിൽ രണ്ട് സ്വർണ്ണവും ഒരു വെളളിയും രണ്ട് വെങ്കലവും ലഭിച്ചു. റിച്ചാ മിശ്രയ്ക്ക് അഞ്ച് വ്യക്തിഗത സ്വർണ്ണവും ടീം ഇനങ്ങളിൽ രണ്ട് സ്വർണ്ണവും ഒരു വെളളിയും ഒരു വെങ്കലവും ലഭിച്ചു.
ടീം ഇനത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ബി.എസ്.എഫ് ആണ് ചാമ്പ്യൻമാരായത്. അവർ യഥാക്രമം 136, 161 പോയിൻറുകൾ നേടി.
ക്രോസ് കൺട്രി മത്സരത്തിൽ വനിതാ വിഭാഗത്തിൽ 41 പോയിൻറോടെ രാജസ്ഥാൻ പോലീസും പുരുഷ വിഭാഗത്തിൽ 34 പോയിൻറോടെ അസം റൈഫിൾസും ചാമ്പ്യൻമാരായി. വാട്ടർപോളോ, സ്പ്രിംഗ് ബോർഡ് ഡൈവിംഗ് ഇനങ്ങളിൽ ഇരുവിഭാഗത്തിലും ചാമ്പ്യൻമാരായത് ബി.എസ്.എഫ് ആണ്. ഹൈബോർഡ് ഡൈവിംഗിൽ പുരുഷ വിഭാഗത്തിലും ബി.എസ്.എഫ് മുന്നിലെത്തി.
പിരപ്പൻകോട് ഡോ.ബി.ആർ.അംബേദ്കർ അന്താരാഷ്ട്ര സ്വിംമ്മിംഗ് കോപ്ലക്സിൽ നടന്ന സമാപന ചടങ്ങിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത്, ഓൾ ഇന്ത്യ പൊലീസ് സ്പോർട്സ് കൺട്രോൾ ബോർഡ് പ്രതിനിധിയും എ.ഡി.ജി.പിയുമായ ടി.വി.രവിചന്ദ്രൻ തുടങ്ങിയവർ സമാപന ചടങ്ങുകളിൽ പങ്കെടുത്തു.