പത്തനംതിട്ട : സംസ്ഥാനത്തെ മുഴുവൻ റോഡുകളും കുഴി രഹിതമാക്കി മികച്ചവയായി നിലനിർത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കൊക്കാത്തോട് അള്ളുങ്കൽ ജംഗ്ഷനിൽ ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന കല്ലേലി- കൊക്കത്തോട് റോഡിന്റെ നിര്‍മാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ഘട്ടം ഘട്ടമായി റോഡുകളുടെ പൂർണ പരിപാലനം നടത്തുകയാണ് ലക്ഷ്യം. സുതാര്യത ഉറപ്പു വരുത്തി മുൻപോട്ടു പോകുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ ശ്രമത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണ്. ഇക്കാര്യത്തിൽ പിഡബ്ല്യുഡിയുടെ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്- മന്ത്രി പറഞ്ഞു.
രണ്ടര വർഷം കൊണ്ട് കൊക്കാത്തോടിന്റെ വികസനത്തിനു വേണ്ടി 27.68 കോടി രൂപയുടെ പദ്ധതികൾ പുരോഗമിക്കുകയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു.
എട്ടു കിലോമീറ്റര്‍ ദൂരമുള്ള കല്ലേലി- കൊക്കാത്തോട് റോഡ് സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയാണ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നത്. ആറു പുതിയ കലുങ്കുകളും, രണ്ട് കലുങ്കിന്റെ പുന:നിർമാണവും 100 മീറ്റർ നീളത്തിൽ ഓടയും 1675 മീറ്റർ നീളത്തിൽ ഐറിഷ് ഓടയും, സംരക്ഷണഭിത്തിയും നിർമിക്കും. അഞ്ചര മീറ്റര്‍ വീതിയിലാണ് ബി എം ബി സി സാങ്കേതിക വിദ്യയില്‍ റോഡ് ടാര്‍ ചെയ്യുന്നത്. പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നിര്‍വഹണ ചുമതലയില്‍ ഇ.കെ.കെ. കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഈ റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കൊക്കാത്തോട് പ്രദേശത്തെ യാത്രാ ദുരിതത്തിനു ശാശ്വതമായ പരിഹാരമാകും.